അടിച്ചിപ്പുഴ ശുദ്ധജല വിതരണ പദ്ധതിയിലെ തടസങ്ങൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1578411
Thursday, July 24, 2025 3:55 AM IST
റാന്നി: റാന്നി അടിച്ചിപ്പുഴ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നും സുഗമമായ ശുദ്ധജലവിതരണം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജലവിതരണം ജല അഥോറിറ്റി കരാറുകാരൻ അട്ടിമറിക്കുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജല അഥോറിറ്റി പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനിയർ ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടിച്ചിപ്പുഴസ്വദേശി അനിൽ കുമാർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.
സ്ഥലപരിശോധനയ്ക്കു മുമ്പ് പരാതിക്കാർക്കും നാറാണംമൂഴി ഗ്രാമപഞ്ചായത്തിനും നോട്ടീസ് നൽകണം. കണക്ഷൻ പോയിന്റിലെ ഹോളിന് വിസ്തൃതി കുറഞ്ഞതുകൊണ്ടാണ് സമീപവാസികൾക്ക് കുടിവെള്ള ദൗർലഭ്യമുണ്ടാകുന്നതെന്ന് കണ്ടെത്തിയാൽ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.കൂടാതെ ഈ ഭാഗത്ത് വെള്ളം തടസപ്പെടുന്നുണ്ടോയെന്നതു പരിശോധിച്ചു പരിഹാരം കണ്ടെത്തണം.
ജല അഥോറിറ്റി റാന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടി. കാക്കാമല വാട്ടർ ടാങ്കിൽ നിന്നാണ് പ്രദേശത്ത് ജലവിതരണം നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
പരാതിയിൽ പറയുന്ന പ്രദേശത്തേക്ക് ഉൾപ്പെടെയുള്ള എല്ലാ ജലവിതരണ പൈപ്പുകളും പമ്പിംഗ് മെയിനിൽ നിന്നും നേരിട്ട് താത്കാലികമായി ജലവിതരണം നടത്തുന്ന രീതിയാണ് ഇപ്പോൾ ക്രമീകരിച്ചിട്ടുള്ളത്.
നിലവിൽ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ടാങ്കിന്റെ പ്രവൃത്തി പൂർത്തിയാക്കി വെള്ളം ശേഖരിച്ചാൽ മാത്രമേ ഇപ്പോൾ വാട്ടർ കണക്ഷൻ നൽകിയിരിക്കുന്ന ലൈനിൽ നിന്നും ജലവിതരണം പൂർവസ്ഥിതിയിൽ നടത്താൻ കഴിയുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പ്രധാന ജലവിതരണ ലൈനിൽ നിന്നും കണക്ഷൻ പോയിന്റിലേക്ക് ഒന്നര ഇഞ്ച് വ്യാസമുള്ള പൈപ്പാണ് സ്ഥാപിച്ചിട്ടുള്ളതെന്നും എന്നാൽ അവിടേക്കുള്ള കണക്ഷൻ പോയിന്റിനു സമീപം ജല അഥോറിറ്റിയുടെ ഒരു കരാറുകാരൻ താമസിക്കന്നുണ്ടെന്നും അയാളുടെ വീട് കഴിഞ്ഞുവരുന്ന ഭാഗങ്ങളിൽ മാത്രമാണ് വെള്ളത്തിന്റെ ദൗർലഭ്യം ഉണ്ടാകുന്നതെന്നും പരാതിക്കാരൻ അറിയിച്ചു.