റാന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം: സ്ഥലത്തെച്ചൊല്ലി രാഷ്ട്രീയപ്പോര്
1578407
Thursday, July 24, 2025 3:55 AM IST
റാന്നി: ഇട്ടിയപ്പാറയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണത്തെച്ചൊല്ലി രാഷ്ട്രീയ പോർവിളികൾ രൂക്ഷമായി. എംഎൽഎയുടെ നേതൃത്വത്തിൽ എൽഡിഎഫും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുഡിഎഫും വികസന വിഷയത്തിൽ ഇരുചേരിയിലായി വാദപ്രതിവാദങ്ങൾ തുടങ്ങിക്കഴിഞ്ഞു.
പഞ്ചായത്ത് നടപടിക്കെതിരേ എൽഡിഎഫ് കഴിഞ്ഞദിവസം പ്രതിഷേധ സമരത്തിന് ആഹ്വാനം നൽകിയിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് വേണ്ടെന്നുവച്ചു. നാളെ വാഹനങ്ങളെ ഒഴിവാക്കി ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.
ഇട്ടിയപ്പാറയിൽ മൂന്ന് കോടി രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പണിയാനിരുന്ന ടെർമിനൽ പഞ്ചായത്ത് പറഞ്ഞ സ്ഥലത്തു സാധ്യമല്ലെന്ന നിലപാടിലാണ് പ്രമോദ് നാരായൺ എംഎൽഎ. പുതിയ സ്ഥലം അളന്നു നിർണയിച്ചു തരണമെന്ന എംഎൽഎയുടെ ആവശ്യം പഞ്ചായത്ത് ഭരണസമിതി നിഷേധിച്ചിരുന്നു. സ്ഥലം അളക്കാൻ എംഎൽഎ കാത്തുനിന്നെങ്കിലും പ്രസിഡന്റും സംഘവും എത്താൻ വൈകിയതോടെ മടങ്ങിപ്പോകുകയായിരുന്നു.
പഴവങ്ങാടി പഞ്ചായത്ത് ടെർമിനൽ സ്ഥാപിക്കാൻ കാട്ടിയ സ്ഥലം ചെളിക്കുഴിയാണന്നും സ്വകാര്യ ബസ് സ്റ്റാൻഡിൽ നിലവിൽ പ്രവർത്തിക്കുന്ന കടകൾ പൊളിച്ചുനീക്കി ആ സ്ഥലം വേണമെന്നുമുള്ള നിലപാടാണ് എംഎൽഎ സ്വീകരിച്ചത്.
പ്രശ്നപരിഹാരം കീറാമുട്ടിയായി നിലനിൽക്കവേ രാഷ്ട്രീയ പോർവിളികൾക്ക് തുടക്കമിടുകയായിരുന്നു. ബസ് സ്റ്റാൻഡിനു പിന്നിലെ സ്ഥലം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും ശബരിമല ഇടത്താവളത്തിനും നല്കിയത് യുഡിഎഫ് ഭരണസമതിയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അവകാശപ്പെട്ടു. വർഷങ്ങളേറെയായിട്ടും ശബരിമല ഇടത്താവളവും ബസ് സ്റ്റാൻഡും പണിയാനായിട്ടില്ലെന്നും ഇപ്പോൾ പുതിയ സ്ഥലത്തിന് അവകാശവാദം ഉന്നയിക്കുന്നതിൽ കഴന്പില്ലെന്നുമാണ് യുഡിഎഫ് വാദം. എന്നാൽ സ്ഥലം ഏറ്റെടുത്തതായി പറയുന്ന പഞ്ചായത്തിന്റെ ബാധ്യത സർക്കാർ ഇടപെട്ടാണ് ഒഴിവാക്കിയതെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 30 വർഷമായി ഇരുമുന്നണികൾ മാറിമാറി ഭരിച്ചിട്ടും റാന്നിയിൽ ഉണ്ടായിരുന്ന മാർക്കറ്റുകൂടി ഇല്ലാതായതല്ലാതെ വികസനരംഗത്ത് ഇട്ടിയപ്പാറ പ്രദേശം വർഷങ്ങൾ പിന്നിലേക്കാണ് പോയതെന്ന ആക്ഷേപവുമുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് വർഷങ്ങൾ പിന്നിടുന്പോഴും പുതുതായി ഒരു മെറ്റൽ പോലും അവിടെ ഇടാനായിട്ടില്ലെന്നും നിലവിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഏറെ ശോചനീയമാണെന്നും പ്രദേശവാസികളും വ്യാപാരികളും ചൂണ്ടിക്കാട്ടി.