ചാത്തങ്കരി റോഡിലെ സ്ഥിരം വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി
1578408
Thursday, July 24, 2025 3:55 AM IST
തിരുവല്ല: നെടുമ്പ്രം - ചാത്തങ്കരി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള രോഗികളടക്കം നിരവധിപേർ ദിവസവും സഞ്ചരിക്കുന്ന പാതയിലെ വെള്ളക്കെട്ട് ദുരിതമായി.
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുംമ്പ്രം ജംഗ്ഷനിൽ നിന്നും ചാത്തങ്കരി റോഡിൽ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. നാട്ടുകാർക്കും രോഗികൾക്കും വാഹനയാത്രികർക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയ വെള്ളക്കെട്ട് രണ്ടു മാസമായി അതേപടി നിലനിൽക്കുകയാണ്.
കാലവർഷം ആരംഭിച്ചതിനു പിന്നാലെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയർന്നതോടെ റോഡിലെ വെള്ളക്കെട്ട് രൂക്ഷമായി. മഴ തുടരുന്ന പശ്ചാത്തലത്തിൽ വെള്ളക്കെട്ട് ഒഴിഞ്ഞതുമില്ല. മഴയുടെ ശക്തി കുറഞ്ഞാലും വെള്ളം ഇറങ്ങുന്നില്ല.
സ്വകാര്യ ആശുപത്രിക്ക് സമീപത്തെ നൂറ് മീറ്ററോളം ദൂരത്തിൽ രണ്ട് അടി പൊക്കത്തിലാണ് വെള്ളക്കെട്ടുള്ളത്. ഇത് പാതയിലെ സഞ്ചാരത്തിനുതന്നെ ഭീഷണിയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഏറെ ബുദ്ധിമുട്ടിയാണ് പോകുന്നത്. കാൽനടയാത്ര അസാധ്യമായ സാഹചര്യവുമാണ്.
സ്കൂൾ ബസുകൾ അടക്കം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ എതിരേ വരുന്ന വാഹനങ്ങൾ സൈഡ് കൊടുക്കാനാവാതെ വാഹനക്കുരുക്കും നിത്യസംഭവമാണ്. റോഡിന്റെ അരികിലും വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഓടയോ കുഴിയോ ഉണ്ടോയെന്നു പോലും ഡ്രൈവർമാർക്ക് കാണാനാ വുന്നില്ല.
ഇതോടെ മധ്യഭാഗം പിടിച്ചാണ് വാഹനങ്ങൾ പോകുന്നത്. തിരുവല്ല - അമ്പലപ്പുഴ റോഡ് നവീകരണമാണ് വെള്ളക്കെട്ട് തുടരാൻ കാരണമായതെന്നു പറയുന്നു. അശാസ്ത്രീയമായാണ് പലയിടങ്ങളിലും റോഡ് നിർമിച്ചത്. റോഡ് നവീകരണഘട്ടത്തിൽ സ്വകാര്യ മതിലുകൾ പുനർനിർമിച്ചതിനാൽ പല ഭൂമികളും മണ്ണിട്ട് ഉയർത്തിയതും സമീപപ്രദേശങ്ങളിലെ പെയ്ത്തുവെള്ളം താഴ്ന്ന റോഡിൽ കെട്ടിനിൽക്കാൻ ഇടയാക്കി.
ഓവുചാലുകൾ ഫലപ്രദമായി നിർമിക്കാത്തതും പ്രദേശത്തിന്റെ സാഹചര്യം മനസിലാക്കാതെ റോഡ് നിർമിച്ചതും ദുരിതം വിളിച്ചുവരുത്തുകയായിരുന്നു. ആശുപത്രിക്കു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡും യാത്രക്കാർക്ക് തടസമാണ്. സ്ഥലപരിമിതിയും വെള്ളക്കെട്ടും കാരണം നട്ടംതിരിയുന്നതിനിടെയാണ് സുഗമയാത്രയ്ക്കു തടസമായി ഓട്ടോസ്റ്റാൻഡും സ്ഥാപിച്ചത്.
നെടുമ്പ്രം ഒന്നാം വാർഡിലെ റോഡിലെ വെള്ളക്കെട്ട് നീക്കംചെയ്യണമെന്നും യാത്രക്കാർക്കും രോഗികൾക്കും പ്രയാസമില്ലാതെ യാത്രയ്ക്ക് വഴിയൊരുക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടിട്ട് നാളേറെയായി. എന്നാൽ പരിഹാരമില്ലെന്നു മാത്രം.
റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്യാൻ ടെൻഡർ നടപടികൾ ആയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗം അവർത്തിക്കുന്നത്. എന്നാൽ നടപടി നീണ്ടുപോകുന്നതിനാൽ അപ്പർ കുട്ടനാടൻ പ്രദേശങ്ങളായ അമ്പലപ്പുഴ, എടത്വ , തകഴി, പൊടിയാടി തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് രോഗികളും യാത്രക്കാരും ആശ്രയിക്കുന്ന ആശുപത്രിക്കു സമീപ യാത്രാദുരിതം തുടരുകയാണ്.