വള്ളസദ്യ നടത്തിപ്പ്: ദേവസ്വം ബോർഡ് നീക്കത്തിനെതിരേ ആറന്മുളയിൽ കരക്കാരുടെ യോഗം ഇന്ന്
1578654
Friday, July 25, 2025 4:08 AM IST
ആറന്മുള: പാർഥസാരഥി ക്ഷേത്രമതിലകത്ത് പള്ളിയോട കരക്കാര് വഴിപാടായി നടത്തുന്ന വളളസദ്യകള് സ്പെഷല്‍ കൂപ്പണ്‍ മുഖേന വാണിജ്യവത്കരണം നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരേ പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കരക്കാരുടെ പൊതുയോഗം ഇന്ന് രാവിലെ 10 ന് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവന്‍ പറഞ്ഞു.
പള്ളിയോട കരക്കാരുടെ സാന്നിധ്യം ഇല്ലാതെ 250 രൂപ നിരക്കിലാണ് ദേവസ്വം ബോര്‍ഡ് 27 മുതല്‍ ഞായറാഴ്ചകളിൽ സദ്യ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ ബുക്കിംഗിലൂടെ വള്ളസദ്യ കഴിക്കാൻ അവസരം ഒരുക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരേ പള്ളിയോട സേവാ സംഘം മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകിയതായി പ്രസിഡന്റ് കെ.വി സാംബദേവൻ പറഞ്ഞു. ആചാരവിരുദ്ധത ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിനും കത്തു നൽകിയിട്ടുണ്ട്.
ബോർഡ് ആസ്ഥാനത്ത് പള്ളിയോട സേവാ സംഘവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വള്ളസദ്യ നടത്താൻ തീരുമാനിച്ചതെന്ന ദേവസ്വം ബോർഡ് പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും പള്ളിയോട സേവാ സംഘം അറിയിച്ചു. ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും ജൂൺ 10നു നടന്ന യോഗത്തിൽ എടുത്തിട്ടില്ല.
മാത്രമല്ല ദേവസ്വം ബോർഡ് നിർദ്ദേശത്തോടുള്ള എതിർപ്പ് യോഗത്തിൽ അറിയിക്കുകയും ചെയ്തു. ആറന്മുളയിൽ നടക്കുന്ന അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്നാണ് പറഞ്ഞത്. വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം എന്നതും സത്യ വിരുദ്ധമാണ്. ഇത്തരം ഒരു നിർദ്ദേശം ഹൈക്കോടതി മുന്നോട്ടു വച്ചിട്ടില്ലെന്നും സേവാസംഘം വ്യക്തമാക്കി.
ആറന്മുള പള്ളിയോടങ്ങൾക്ക് ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്ന വഴിപാടാണ് വള്ള സദ്യ. ഭക്തൻ പള്ളിയോടങ്ങൾക്കായാണ് വഴിപാട് നടത്തുന്നത്. ഇതിനായി പള്ളിയോട കരയെ വഴിപാടുകാരൻ ആചാരപരമായി ക്ഷണിക്കേണ്ടതുണ്ട്. തുടർന്ന് ക്ഷേത്രത്തിൽ നിന്നും അനുമതി വാങ്ങണം.
പള്ളിയോടങ്ങൾക്കായി പറ നിറയ്ക്കണം. കടവിൽ എത്തി വെറ്റിലയും പുകയിലയും ദക്ഷിണ നൽകി പള്ളിയോടങ്ങളെ ആറന്മുളയ്ക്ക് യാത്രയാക്കണം. ആറന്മുളയിൽ എത്തി അഷ്ടമംഗല്യം ഒരുക്കി പള്ളിയോടങ്ങളെ സ്വീകരിക്കണം. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞാണ് വള്ളസദ്യ 250 രൂപാ നൽകി ഓൺ ലൈനായി വള്ളസദ്യ കഴിക്കാൻ അവസരം ഒരുക്കുന്നത് അനുഷ്ഠാനങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
പള്ളിയോട സേവാസംഘവും കെഎസ്ആർടിസിയും ചേർന്ന് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് നിശ്ചിത ഫീസ് ഈടാക്കി സദ്യ ഒരുക്കുന്നുണ്ട്. വള്ളസദ്യ വിഭവങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് വഴിപാട് സദ്യയല്ല. ബജറ്റ് ടൂറിസത്തിന്റെ ഭാഗം മാത്രമാണിതെന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ പറഞ്ഞു.