നദികളിൽ ജലനിരപ്പുയർന്നു; ബലിതർപ്പണത്തിന് സുരക്ഷ ഒരുക്കും
1578405
Thursday, July 24, 2025 3:54 AM IST
പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കർക്കടകവാവു ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് നിർദേശിച്ചു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകലും മഴ ശക്തമായിരുന്നതിനാൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പന്പയിൽ അയിരൂർ ഭാഗത്ത് 5. 89 മീറ്ററും മാരാമണ്ണിൽ 4.57 മീറ്ററും ആറന്മുളയിൽ 4.22 മീറ്ററുമായിരുന്നു ഇന്നലെ വൈകുന്നേരം ജലനിരപ്പ്. മൂഴിയാർ സംഭരണിയുടെ ഒരു ഷട്ടർ തുറന്നിരിക്കുന്നതിനാൽ പന്പയിലെ ജലനിരപ്പ് ഉയരുന്നുണ്ട്.
അച്ചൻകോവിലാറ്റിൽ പന്തളം ഭാഗത്ത് 7.33 മീറ്ററാണ് ജലനിരപ്പ്. മണിമലയാറ്റിൽ പ്രളയ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. വള്ളംകുളം ഭാഗത്ത് 3.42 മീറ്ററാണ് ജലനിരപ്പ്.
ക്ഷേത്രക്കടവുകളിൽ ക്രമീകരണം
ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ പിതൃബലി തർപ്പണത്തിനെത്തുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ പുലർച്ചെ നാലിന് ചടങ്ങുകൾ ആരംഭിക്കും. നദിയിലെ ജലനിരപ്പ് നിരീക്ഷിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. ഫയർഫോഴ്സിന്റേതടക്കം സജ്ജീകരണങ്ങൾ ആറന്മുളയിലുണ്ടാകും. നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ആളുകൾ ബലിതർപ്പണത്തിനായി ഇറങ്ങാവൂവെന്ന് അധികൃതർ അറിയിച്ചു.
പന്പാനദിയിൽ റാന്നി അങ്ങാടിപ്പേട്ട ശാസ്താ ക്ഷേത്രക്കടവ്, മാടമൺ ക്ഷേത്രക്കടവ്, വടശേരിക്കര പ്രയാർ മഹാവിഷ്ണുക്ഷേത്രക്കടവ് എന്നിവിടങ്ങളിലും ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ മുതൽ നടക്കും. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നഗറിൽ പുലർച്ചെ അഞ്ചു മുതൽ ബലി തർപ്പണ ചടങ്ങുകൾ ഉണ്ടാകും.
പന്പ, മണിമല നദികളുടെ സംഗമസ്ഥാനമായ കീച്ചേരിവാൽ സ്നാനഘട്ടത്തിൽ പുലർച്ചെ 3.30 മുതൽ ബലി തർപ്പണ ചടങ്ങുകളുണ്ടാകും. മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിലും കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്രത്തിലും പുലർച്ചെ ചടങ്ങുകൾ ആരംഭിക്കും.
അച്ചൻകോവിലാറ്റിൽ വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ നാലിന് ആരംഭിക്കും. വള്ളിക്കോട് തൃപ്പാറ ക്ഷേത്രത്തിൽ പുലർച്ചെ 3.30ന് ചടങ്ങുകൾ ആരംഭിക്കും. പന്തളം മഹാദേവ ക്ഷേത്രം, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, വള്ളിക്കോട് തൃക്കോവി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും പുലർച്ചെ മുതൽ ക്രമീകരണം ഉണ്ടാകും.