ഒഇഎം സ്കൂളിൽ ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനം നാളെ
1578409
Thursday, July 24, 2025 3:55 AM IST
തിരുവല്ല: ഇരവിപേരൂർ ഒഇഎം പബ്ലിക് സ്കൂളിൽ പ്രഥമ സ്കൂൾ ഹ്യൂമൻ ലൈബ്രറിക്ക് തുടക്കമാകുന്നു. പുസ്തകങ്ങൾക്ക് പകരം വ്യക്തികൾ പാഠങ്ങൾ ആകുന്ന ഈ നൂതന സംരംഭം നാളെ രാവിലെ 9 30ന് വൈഎംസിഎ കേരള റീജൻ വൈസ് ചെയർമാനും ഇൻഫ്ളൻസറുമായ കുര്യൻ തുമ്പുങ്കൽ ഉദ്ഘാടനം ചെയ്യും.
അവയവദാനത്തെ ശക്തമായി പ്രോത്സാഹിപ്പിച്ചുവരുന്ന കുര്യൻ തുന്പുങ്കൽ തന്റെ ഏക മകന്റെ മരണശേഷം സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യുവാൻ മനസു കാട്ടിയിരുന്നു. അവയവദാന പ്രചാരണത്തിനായി കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്കിൽ സഞ്ചരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. തന്റെ മരണശേഷം ശരീരം ദാനം ചെയ്യാൻ കൂടി കുര്യൻ തുമ്പുങ്കൽ സമ്മതപത്രം നൽകിയിരിക്കുകയാണ്.
അക്കാദമിക് ഡയറക്ടർ ഡോ റൂബിൾ രാജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ആനി ജോൺ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ രഹന രഞ്ജിത്ത്, സ്കൂൾ ഹെഡ് ബോയ് ആരോൺ ജിബി ജോർജ് എന്നിവർ പ്രസംഗിക്കും.
ഡെന്മാർക്കിലാണ് ഹ്യൂമൻ ലൈബ്രറിയുടെ ആരംഭം. അഹിംസയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും മനുഷ്യർക്കിടയിൽ സഹജീവനത്തിന്റെ സന്ദേശം പരത്താനുമാണ് ഹ്യൂമൻലൈബ്രറികൾആരംഭിച്ചത്.
സാമ്പ്രദായിക ലൈബ്രറിയിൽ പുസ്തകങ്ങളാണ് വായിക്കുന്നതെങ്കിൽ ഹ്യൂമൻ ലൈബ്രറിയിൽ നമ്മൾ വായിക്കുന്നതും അറിയുന്നതും മനുഷ്യരെയും അവരുടെ അനുഭവങ്ങളെയുമാണ്. പൊതു സദസിൽ സത്യസന്ധമായി സ്വന്തം അനുഭവങ്ങളും അതിജീവന കഥകളും തുറന്നുപറയാൻ സന്മനസുള്ള ആർക്കും അവസരം ഉണ്ടാകുമെന്ന് ഡോ. റൂബിൾ രാജ്, അക്കാദമിക് മാനേജർ രഹന രഞ്ജിത്ത്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ ലിജു ജോൺ എന്നിവർ പറഞ്ഞു.