പത്തനംതിട്ടയ്ക്കു പുതിയ ജില്ലാ പോലീസ് മേധാവി
1578653
Friday, July 25, 2025 4:08 AM IST
പത്തനംതിട്ട: ജില്ലയ്ക്കു പുതിയ പോലീസ് മേധാവി. വിഐപി സുരക്ഷക്കായുള്ള ഡെപ്യൂട്ടി കമ്മീഷണർ ആർ. ആനന്ദാണ് പുതിയ എസ്പി. നിലവിലെ ജില്ല പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനെ ക്രമസമാധാനചുമതലയുള്ള എഐജിയായി നിയമിച്ചതോടെയാണ് പുതിയ നിയമനം.
ഡിണ്ടിഗല്‍ സ്വദേശിയായ ആർ. ആനന്ദ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയാണ്. നേരത്തെ വയനാട്, പാലക്കാട് ജില്ലകളിൽ പോലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി ബറ്റാലിയന് രണ്ടിന്റെ ചുമതലയിലിരിക്കുമ്പോള്‍ ക്യാമ്പിനെ ഹരിതാഭമാക്കാന്‍ തൈങ്ങിന്തൈകളും 1500 ഫലവൃക്ഷങ്ങളും നട്ട് പരിപാലിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പോലീസ് ആസ്ഥാനത്ത് എഐജിയായി പ്രവര്‍ത്തിക്കുമ്പോള്‍ വിവിധ ഫണ്ടുകളുടെ കൃത്യമായ വിനിയോഗത്തിനും പ്രശംസ നേടിയിരുന്നു.
പത്തനംതിട്ട പോക്സോ കേസ് അട്ടിമറിയിലടക്കം വി.ജി. വിനോദ്കുമാറിനെതിരേ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കോയിപ്രം കസ്റ്റഡി മർദനക്കേസിൽ എസ്പിക്കു പങ്കുണ്ടെന്ന് വിവിധ സംഘടനകൾ ആക്ഷേപം ഉയർത്തുകയും ചെയ്തു. ഇതിനിടെയാണ് വിനോദ്കുമാറിനെ പുതിയ തസ്തികയിൽ നിയമിച്ചത്.
സിപിഎമ്മിലെ ഒരുവിഭാഗം എസ്പിയുടെ പ്രവർത്തനത്തിൽ അതൃപ്തിയിലായിരുന്നു. സിഡബ്ല്യുസി ജില്ലാ ചെയർമാന്റെ സസ്പെൻഷൻ അടക്കമുള്ള നടപടികളുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ അതൃപ്തി നിലനിൽക്കുകയാണ്.
നേതാക്കളുടെ ഫോൺ ചോർത്തൽ അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ക്രമസമാധാനചുമതലയുള്ള എഐജി എന്ന നിർണായക തസ്തികയിലാണ് നിയമനമെന്നതും ശ്രദ്ധേയമായി.