ഇൻസ്റ്റഗ്രം പരിചയം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1578652
Friday, July 25, 2025 4:08 AM IST
പത്തനംതിട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയിൽ.
മലയാലപ്പുഴ മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽദേവദത്തനാണ് (19) മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.
ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തേതുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്യൂഷൻ കഴിഞ്ഞു ബസിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെൺകുട്ടി 2024 ഒക്ടോബറിൽ പരിചയപ്പെടുന്നത്.
പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാൾ, കാൾ സെന്ററിൽ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും പിന്നീട് കുട്ടി വീട്ടിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധം ദൃഢപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിക്കു വിവാഹവാഗ്ദാനം നൽകിയ ഇയാൾ കഴിഞ്ഞ ജൂൺ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തുവെന്നാണ് മൊഴി. പിന്നീട് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു.
ജൂലൈ 11 ന് വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽ വച്ച് പലതവണ വീണ്ടും ബലാൽസംഗത്തിന് ഇരയാക്കി. വിവരം മനസിലാക്കിയ സ്കൂൾ അധ്യാപകർ മാതാപിതാക്കളെയും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.
പോലീസ് ഇൻസ്പെക്ടർ ബി. എസ്. ശ്രീജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എഎസ്ഐ ജയലക്ഷ്മി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. വിദഗ്ധ പരിശോധനക്കായി ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.