ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ മാറ്റിത്തുടങ്ങി
1578406
Thursday, July 24, 2025 3:55 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക് നവീകരണത്തിന്റെ ഭാഗമായി ശസ്ത്രക്രിയ ഉപകരണങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിത്തുടങ്ങി. ശസ്ത്രക്രിയ ഉപകരണങ്ങൾ മെഡിക്കൽ കോളജിലെത്തിച്ച് ഓഗസ്റ്റ് ആദ്യവാരത്തോടെ ശസ്ത്രക്രിയകൾ സജ്ജീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. എൻഎച്ച്എം നേതൃത്വത്തിലാണ് ഉപകരണങ്ങൾ നീക്കുന്നത്.
4.5 ലക്ഷം രൂപയ്ക്കാണ് ഉപകരണങ്ങൾ മെഡിക്കൽ കോളജിലെത്തിക്കുന്നതിന് കരാർ നൽകിയിരിക്കുന്നത്. ബി ആൻഡ് സി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന രണ്ട് ശസ്ത്രക്രിയ യൂണിറ്റുകളാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നത്. ജനറൽ സർജറി, ഓർത്തോപീഡിക്, ഇഎൻടി, ഗൈനക്കോളജി വിഭാഗങ്ങൾ മാറ്റാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
ബി ആൻഡ് സി ബ്ലോക്ക് നവീകരണം 2026 ജനുവരിയോടെ പൂർത്തീകരിക്കുന്നതുവരെ താത്കാലികാടിസ്ഥാനത്തിലാണ് ഷിഫ്റ്റിംഗ് എന്നു വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ വിഭാഗങ്ങൾ ജനറൽ ആശുപത്രിയിലേക്കു മാറ്റുന്നതോടെ ഡോക്ടർമാരുടെ സേവനവും അവിടെ ലഭ്യമാക്കും. നിലവിൽ ഒപി വിഭാഗം പത്തനംതിട്ടയിലായതിനാൽ ഇവിടെ എത്തുന്ന രോഗികളിൽ ശസ്ത്രക്രിയ ആവശ്യമായവരെയാകും മെഡിക്കൽ കോളജിലെത്തിക്കുക. അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് സേവനം നൽകാനും നിർദേശിച്ചിട്ടുണ്ട്.
പ്രസവചികിത്സ സമീപ ആശുപത്രികളിലും
ബി ആൻഡ് സി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ഗൈനക്കോളജി വിഭാഗവും കോന്നിയിലേക്ക് മാറ്റിയെങ്കിലും അവിടെ പ്രവർത്തന സജ്ജമാകുന്നതുവരെയുള്ള കാലയളവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പത്തനംതിട്ട ജനറൽ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയിരുന്നവർക്ക് തുടർ ചികിത്സ ലഭ്യമാകും.
പത്തനംതിട്ട ജനറൽ ആശുപത്രിയും മെഡിക്കൽ കോളജും ഒറ്റ ഗൈനക്കോളജി യൂണിറ്റായി പ്രവർത്തിപ്പിക്കാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. എന്നാൽ മെഡിക്കൽ കോളജിൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ കാലതാമസം വരുമെന്നതിനാണ് താത്കാലിക ക്രമീകരണം ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുന്പുതന്നെ ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയിരുന്നവരെ മറ്റ് ആശുപത്രികളിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. സമീപ ആശുപത്രികളിലെ തിരക്കു കാരണം പലരും ജില്ലയ്ക്കു പുറത്തെ സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിച്ചിട്ടുള്ളത്.