ഒരു കുടുംബത്തിലെ നാലു പേർക്കു ദേഹാസ്വാസ്ഥ്യം: അന്വേഷണം നടത്തി
1223943
Friday, September 23, 2022 10:31 PM IST
മാങ്കാംകുഴി: ഒരു കുടുംബത്തിലെ നാലു പേർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സസ് വകുപ്പിലെ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്വകാര്യ സ്ഥാപനത്തിലെ ഉപകരണങ്ങൾ എത്തിച്ചു മുൻപ് നടത്തിയ പരിശോധനാ ഫലം കൃത്യമാണെന്നും പ്രദേശത്ത് ഓക്സിജന്റെ അളവ് ശരിയായ നിലയിലാണെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി തഹസിൽദാർ ഡി.സി. ദിലീപ് പറഞ്ഞു.
വീടിന്റെ സമീപത്തായി പ്രവർത്തിക്കുന്ന കള്ളുഷാപ്പിന്റെ എക്സോസ്റ്റ് ഫാൻ പൈപ്പിന്റെ വീടിനു ഭാഗത്തേക്കുള്ള വാൽവ് അടയ്ക്കണമെന്ന നിർദേശവും നൽകി. നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി നടപടി സ്വീകരിക്കുന്നതിനായി നൽകുമെന്നു റവന്യു അധികൃതർ സൂചിപ്പിച്ചു. മാങ്കാംകുഴി അശ്വതിയിൽ മുരളീധരൻ നായർ (67), മകൻ അക്ഷയ് എം. നായർ (33) , അക്ഷയയുടെ ഭാര്യ ആര്യ ഉണ്ണിത്താൻ (31), മുരളീധരൻനായരുടെ മൂത്തമകൻ ശംഭു എം. നായരുടെ മകൾ നിർജർ (മൂന്ന്) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ടവർ ചികിത്സയ്ക്കു ശേഷം ബന്ധുവീട്ടിലാണു താമസിക്കുന്നത്. അധികൃതർ ഔദ്യോഗികമായി അറിയിച്ച ശേഷമേ സംഭവം നടന്നു വീട്ടിലേക്കു മാറുകയുള്ളൂവെന്നു വീട്ടുകാർ പറഞ്ഞു.