തലവടി ചേരിത്തോട് നവീകരിച്ചു
1223956
Friday, September 23, 2022 10:32 PM IST
എടത്വ: എക്കലും പോളയും അടിഞ്ഞ് ഒഴുക്കു തടസപ്പെട്ട തലവടി ചേരിത്തോട് നവീകരിച്ചു. വാട്ടര്‍ ജെസിബി ഉപയോഗിച്ച് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ തോട്ടിലെ എക്കലും പോളയും വാരിമാറ്റി ആഴം കൂട്ടിയാണ് നവീകരണ പ്രവര്‍ത്തനം നടത്തിയത്. നവീകരണത്തിനായി ഇറിഗേഷന്‍ വകുപ്പ് എട്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.
തോടിന്റെ നവീകരണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരന്തര സമരത്തിലായിരുന്നു. ഇരുകരകളിലെയും നൂറു കണക്കിന് താമസക്കാര്‍ ആശ്രയിക്കുന്ന തോട് എക്കലും പോളയും അടിഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ശുദ്ധജല ലഭ്യത കുറവുള്ള പ്രദേശത്തെ ജനങ്ങളുടെ ഏകാശ്രയം ചേരിത്തോടായിരുന്നു.
തോട് നികന്ന് ഒഴുക്ക് തടസപ്പെട്ടതോടെ പ്രദേശവാസികള്‍ സംഘടിച്ച് നവീകരണം നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടിരുന്നില്ല.
നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്നാണ് ഇറിഗേഷന്‍ വകുപ്പ് നവീകരണം ഏറ്റെടുത്തത്.