കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
1224185
Saturday, September 24, 2022 11:04 PM IST
ആലപ്പുഴ: നഗരത്തിൽ കെഎസ് ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരനായ ഇതരസംസ്ഥാന ബ്യുട്ടീഷൻ മരിച്ചു. ഉത്തർപ്രദേശ് സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്റെ മകൻ സെയ്ഫ് അലിയാണ് (27) മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാര പാലത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനായി ജോലി ചെയ്തു വന്നിരുന്ന സെയ്ഫ് അലി ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും തിരികെ ജോലി സ്ഥലത്തേത്ത് സൈക്കിളിൽ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ കെഎസ്ആർടിസി ബസ് സൈക്കിളിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇയാളെ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോപ്പുംപടിയിൽ നിന്ന് ആലപ്പുഴയിലെത്തി വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോയ ബസാണ് ഇയാളെ ഇടിച്ചു വീഴ്ത്തിയത്.