പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് ; അടച്ചുപൂട്ടൽ ഭീഷണിയിൽ?
1243481
Sunday, November 27, 2022 2:52 AM IST
മങ്കൊമ്പ്: കുസാറ്റിനു കീഴിലുള്ള പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് ഒരിക്കൽകൂടി അടച്ചുപൂട്ടലിന്റെ വക്കിലേക്കെന്നു സൂചനകൾ. കോളജിൽ പ്രവർത്തിച്ചുവരുന്ന മൂന്നു പ്രധാന ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കമാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇപ്പോൾ ആശങ്കയിലാക്കുന്നത്. കാമ്പസിലെ രണ്ടാം വർഷ മെക്കാനിക്കൽ ഇലക്ട്രിക്കൽ വിഭാഗങ്ങൾ, ഒന്നാം വർഷ സിവിൽ, ഇല ക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളുമാണ് ഇപ്പോൾ നിർത്തലാക്കാൻ തീരുമാനമായത്. ആകെയുള്ള ഏഴ് ബ്രാഞ്ചുകളാണ് കാമ്പസിൽ പ്രവർത്തിക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്നവയാണ് പുതിയ നീക്കത്തോടെ ഇല്ലാതാകുന്നത്.
വിദ്യാർഥികളെ മാറ്റും
നിർത്തലാക്കുന്ന ബ്രാഞ്ചിലെ വിദ്യാർഥികളെ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ പ്രധാന കാമ്പസിലേക്കു മാറ്റും. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തതെന്നാണ് വിവരം. വിദ്യാർഥികളുടെ കുറവുമൂലം സർവകലാശാലയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്നാണ് അറിയുന്നത്. അതേസമയം, പ്രവേശന നടപടികളിലെ അപാകതകളാണ് വിദ്യാർഥികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇവിടേക്കു വിദ്യാർഥികളെത്താൻ തടസമാണ്. അധികൃതരുടെ അവഗണന മൂലം കാമ്പസ് നിരവധി പരാധീനതകൾക്കു നടുവിലാണ്.
അവഗണനയിൽ
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് ഇപ്പോൾ കോളജ് പ്രവർത്തിക്കുന്നത്. കാലാനുസൃതമായ നവീകരണം നടത്താറില്ലെന്നു വിദ്യാർഥികൾ പറയുന്നു. വർഷങ്ങൾക്കു മുൻപും സമാനമായ രീതിയിൽ കോളജ് പൂർണമായും കൊച്ചിയിലേക്കു കൊണ്ടുപോകാൻ നീക്കം നടന്നിരുന്നു. എന്നാൽ, വിദ്യാർഥികളുടെയും നാട്ടുകാരുടെയുമടക്കം പ്രതിഷേധമുയർന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്. അന്നു കോളജിലേക്കെത്താൻ യാത്രാ സൗകര്യങ്ങൾ കുറവായിരുന്നു. എന്നാൽ, മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം യാഥാർഥ്യമായതോടെ യാത്രാദുരിതത്തിനു പരിഹാരമായി.
പ്രതിഷേധം ശക്തം
കുട്ടനാട് എംഎൽഎ ആയിരുന്ന ഡോ.കെ.സി. ജോസഫിന്റെ പ്രയത്നഫലമായിട്ടാണ് 1999ൽ കുസെക് (കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കുട്ടനാട്) നിലവിൽ വരുന്നത്. ഇതോടെ പുളിങ്കുന്ന് പ്രദേശത്തു വലിയ മാറ്റങ്ങളാണുണ്ടാത്. താമസ സൗകര്യങ്ങൾക്കും മറ്റുമായി നിരവധി പുതിയ സ്ഥാപനങ്ങൾ പ്രദേശത്ത് ഉയർന്നുവന്നു. നിരവധി കുടുംബങ്ങളാണ് ഇത്തരത്തിലുള്ള വരുമാനങ്ങളിലൂടെ ഉപജീവനം നടത്തുന്നത്. ഇവരെയെല്ലാം പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നീക്കം. കോളജിലെ നിരവധി താത്കാലിക ജീവനക്കാരെയും പുതിയ തീരുമാനം ഞെട്ടിച്ചിരിക്കുകയാണ്.