തൊമ്മച്ചന്റെ മാധ്യസ്ഥ്യം തേടിയെത്തിയത് ആയിരങ്ങള്‍
1245396
Saturday, December 3, 2022 10:59 PM IST
എടത്വ: ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപന സമ്മേളനം എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനായി എത്തിയത് ആയിരങ്ങളാണ്.
ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികള്‍ക്കായി രൂപീകരിച്ച അതിരൂപതാ കച്ചേരിയുടെ ദീര്‍ഘനാളത്തെ പഠനങ്ങളും അന്വേഷണങ്ങളും കണ്ടെത്തലുകളും അതിന് പ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടുകളും ഉള്ളടക്കം ചെയ്ത പെട്ടികള്‍ അടച്ച് മുദ്രവച്ച് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിലേക്ക് അയയ്ക്കുന്ന ചടങ്ങുകളാണ് നടന്നത്.
മാര്‍ ജോസഫ് പെരുന്തോട്ടം, എപ്പിസ്കോപ്പല്‍ ഡെലിഗേറ്റായ ഫാ. ജോസഫ് നടുവിലേഴം, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ് ഫാ. ജോസഫ് തൂമ്പുങ്കല്‍, അതിരൂപത കച്ചേരി അഡ്ജന്റ് നോട്ടറി സിസ്റ്റര്‍ ജോബിന് എഫ്സിസി, കോപ്പിയിസ്റ്റ് സിസ്റ്റര്‍ അനിത എഫ്സിസി, പോസ്റ്റുലേറ്റര്‍ ഫാ. സിബിച്ചന് പുതിയിടം, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, അതിരൂപത ചാന്‍സലര്‍ റവ. ഡോ. ഐസക്ക് ആലഞ്ചേരി എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലിയാണ് മുദ്രവയ്ക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചത്.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍ ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍ ജയിംസ് പാലയ്ക്കല്‍, മോണ്‍ വര്‍ഗീസ് താനമാവുങ്കല്‍, ബ്രദര്‍ ഫ്രാങ്കോ മേക്കാട്ടുകളം, വികാരി ഫാ. മാത്യു ചൂരവടി, പോസ്റ്റുലേറ്റര്‍ ഫാ. സിബിച്ചന് പുതിയിടം, ഫാ. മൈക്കിള്‍ പാറുശേരില്, തോമസ് ഫ്രാന്‍സിസ്, പ്രഫ. ജെറോം പി.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശുദ്ധകുര്ബാനയ്ക്ക് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തൊമ്മച്ചന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനയും നടന്നു. കപ്പ്യൂച്ചന്‍ സഭ, ക്ലാരസഭ, ആരാധനാ സഭാ പ്രൊവിന്ഷ്യള്മാര്, അതിരൂപതാ കൂരിയ അംഗങ്ങള്‍, വൈദികര്‍, സന്യസ്തര്‍, വിവിധ ദേശങ്ങളില്‍ നിന്ന് എത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾ തുടങ്ങിയവർ എത്തി.