പിണറായി വിജയൻ അദാനിയുടെ ഏജന്റോ? രമേശ് ചെന്നിത്തല തുറന്നടിക്കുന്നു
1245404
Saturday, December 3, 2022 11:03 PM IST
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഗൗതം അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും അദാനി കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൊടുത്ത അപേക്ഷയ്ക്ക് അനുകൂലമായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തതെന്നും രമേശ് ചെന്നിത്തല.
മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്പ്പിലെത്തിക്കുവാന് എന്തുകൊണ്ട് മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല. അവർ സമരം ചെയ്യുമ്പോള്‍ സ്ഥലത്തുപോലുമില്ലാതിരുന്ന രൂപതാധ്യക്ഷന്‍ തോമസ് ജെ. നെറ്റോ യ്ക്ക് എതിരേയുള്ള നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുകയാണ്. കേസെടുത്ത സര്‍ക്കാര്‍ ഇതില്‍നിന്നു പിന്തിരിയണം. പ്രളയകാലത്ത് ജനങ്ങളെ സഹായിക്കുവാന്‍ മുന്നില്‍ നിന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഇന്ന് അവര്‍ക്കെതിരേ നടക്കുന്ന നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. പോലീസ് സ്റ്റേഷന് ആക്രമിക്കുന്നതിനെ ന്യായീകരിക്കുന്നില്ല.
സമരത്തിന് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്നാണ് ഒരു മന്ത്രി പറഞ്ഞത്. അതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രസേനയെക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ട. മത്സ്യത്തൊഴിലാളികളെയും അവരുടെ സംഘടനെയും വിശ്വാസത്തിലെടുത്ത് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന പാക്കേജ് നടപ്പിലാക്കണം. ഈ പാക്കേജ് നടപ്പിലാക്കിയിരുന്നെങ്കില്‍ ഒരു സമരവും ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ അക്രമത്തെ ന്യായീകരിക്കുന്നില്ല. മുഖ്യമന്ത്രി ഡയലോഗ് അടിക്കുന്നതല്ലാതെ പ്രശ്നം പരിഹരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സര്‍വകാലാശാലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സ്ഥിതിയിലാണ്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി ഇതിന് പരിഹാരം ഉണ്ടാകണം. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ ഇര വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് സുപ്രീകോടതി വിധിയെ മാനിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം ചെന്നിത്തല കൂട്ടിച്ചേർത്തു.
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിർമിക്കാൻ 43 ലക്ഷം ചെലവഴിച്ചിട്ട് ഇപ്പോള്‍ രണ്ട് നില മാത്രമുള്ള ക്ലിഫ് ഹൗസിൽ ലിഫ്റ്റ് വയ്ക്കുവാന്‍ 25 ലക്ഷം. ഇനി ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ഹെലിപാഡിനായി എത്രരൂപ ചെലവാകും എന്നാണ് അിറയാനുളളത്.
വിദേശയാത്ര വേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രിയും പരിവാരങ്ങളും ഇന്നു വിദേശയാത്രകള്‍ നടത്തുന്നു. എന്ത് പ്രയോജനമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.ആർ. ജയപ്രകാശിന്റെ അനുസ്മരണത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.