അപ്രതീക്ഷിത കടലാക്രമണം; നിരവധി വീടുകളിൽ വെള്ളം
1262184
Wednesday, January 25, 2023 10:38 PM IST
ഹരിപ്പാട്: അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം ആറാട്ടുപുഴയുടെ വിവിധ ഭാഗങ്ങളിൽ ദുരിതം വിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് പലേടത്തും മണ്ണിനടിയിലായി. പ്രശ്നപരിഹാരം ആവശ്യപ്പെട്ടു പെരുമ്പള്ളിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കൽ, പെരുമ്പള്ളി, രാമഞ്ചേരി ,എംഇഎസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കടലാക്രമണം ദുരിതം വിതച്ചത്. കരയിലേക്ക് അടിച്ചു കയറിയ തിരമാലകൾ തീരദേശ റോഡ് കവിഞ്ഞു കിഴക്കോട്ടൊഴുകി.
റോഡ് മണ്ണിനടിയിൽ
വലിയഴീക്കൽ പെരുമ്പള്ളി ഭാഗങ്ങളിൽ വലിയഴിക്കൽ- തൃക്കുന്നപ്പുഴ റോഡ് മണ്ണിനടിയിലായി. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. രാമഞ്ചേരി മുതൽ പെരുമ്പള്ളി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ കടൽഭിത്തി പേരിനു പോലുമില്ല.
ഇവിടെ കടലാക്രമണം കൂടുതൽ ദുരിതം സൃഷ്ടിച്ചു. കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞൊഴുകിയതോടെ റോഡിന് ഇരുവശങ്ങളിലുമുള്ള വീടുകൾ വെള്ളത്തിലായി.
വലിയഴിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ വലിയഴിക്കൽ പാലം വരെയുള്ള 150 മീറ്റർ ഭാഗത്തു കടൽഭിത്തി ദുർബലമായതിനാൽ ചെറുതായി ഒന്നു തിരയിളകിയാൽ പോലും തീരദേശ റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്.
റോഡ് ഉപരോധിച്ചു
ദുരിതം പലതവണ ആവർത്തിച്ചിട്ടും ഇതുവരെ പ്രശ്നപരിഹാരമുണ്ടായിട്ടില്ല. ഇവിടെയുള്ള വീട്ടുകാർക്കും കച്ചവട സ്ഥാപനങ്ങൾക്കും ഇന്നലെ കടലാക്രമണം ദുരിതത്തിലായി. വാഹനങ്ങൾ ദുഷ്കരമായിട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വലിയഴിക്കൽ പാലത്തിലേക്കു കയറുന്ന തുടക്ക ഭാഗത്താണ് പ്രശ്നം ഗുരുതരം. കടലാക്രമണം ഉണ്ടാവുന്ന അവസരങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെടുന്ന സ്ഥിതിയാണ്.
പുലമുട്ട് വേണം
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു പെരുമ്പള്ളി ജംഗ്ഷനു വടക്ക് ഭാഗത്തു സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ തീരദേശ റോഡ് ഉപരോധിച്ചു. പോലീസ് എത്തി സമരക്കാരെ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം നടക്കുന്നുണ്ട്. പുലമുട്ട് സ്ഥാപിച്ച പ്രദേശങ്ങളിൽ കടലാക്രമണത്തിന്റെ കെടുതികൾ ഉണ്ടായില്ല. അതേസമയം, പുലിമുട്ട് നിർമിക്കേണ്ട പ്രദേശങ്ങൾ ഇനിയും അവശേഷിക്കുകയാണ്.