മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍
1262186
Wednesday, January 25, 2023 10:39 PM IST
എടത്വ: മുക്കുപണ്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി പണം തട്ടിയ സംഘം പോലീസ് പിടിയില്‍. ചങ്ങനാശേരി മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ കിഴക്കും ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദിലീപ് കുമാറിന്റെ മകന് ദില്‍ജിത്ത് (26), ഇടുക്കി പീരൂമേട് വില്ലേജില്‍ പീരുമേട് ഗസ്റ്റ് ഹൗസ് ക്വര്‍ട്ടേഴ്സില്‍ ശെല്‍വത്തിന്റെ മകന് രതീഷ് (28) എന്നിവരെയാണ് എടത്വ പോലീസ് പിടികൂടിയത്.
രണ്ടു ദിവസം മുന്‍പ് തലവടിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വളകള്‍ പണയപ്പെടുത്തി 29,500 രൂപ ഇവര്‍ കൈപ്പറ്റിയിരുന്നു. ഇവര്‍ പോയ ശേഷം പണയപ്പെടുത്തിയ പണ്ടത്തിന്റെ രസീത് ഓഫീസില്‍ കിട്ടിയതോടെ സ്ഥാപന ഉടമകള്‍ക്ക് സംശയം തോന്നി. പണയ ഉരുപ്പടി കൂടുതല്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു.
സ്ഥാപന ഉടമകള്‍ എടത്വ പോലീസില്‍ പരാതിപ്പെട്ടതിനെത്തു ടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യം പരിശോധിച്ച് ഇവരുടെ ഫോട്ടോ പകര്‍ത്തി. പോലിസ് രഹസ്യമായി നടത്തിയ നീക്കത്തിനൊടുവില്‍ ദില്‍ജിത്തിനെ കോട്ടയത്തുനിന്നും രതീഷിനെ ചങ്ങനാശേരിയില്‍നിന്നും പിടികൂടി. പണയപ്പെടുത്തി വന്‍തുക കൈപ്പറ്റിയിട്ടുണ്ടന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.