ഒരു വില്ലേജ് ഒാഫീസറെ കാണാൻ കൊതിയാകുന്നു!
1263928
Wednesday, February 1, 2023 10:13 PM IST
അമ്പലപ്പുഴ: വില്ലേജ് ഓഫീസറില്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചു അധികൃതർ. അമ്പലപ്പുഴ വടക്ക് വില്ലേജിലാണ് വില്ലേജ് ഓഫീസറെ കണികാണാൻ പോലും കിട്ടാത്തത്. ആരോഗ്യപരമായ കാരണങ്ങളാൽ വില്ലേജ് ഓഫീസർ നീണ്ട അവധിയിൽ പോയതോടെയാണ് ജനത്തിന്റെ ദുരിതമാരംഭിച്ചത്. മറ്റൊരു വില്ലേജിന്റെ ചുമതലയുള്ളയാളെ ഇവിടുത്തെ ചുമതലകൂടി ഏല്പിച്ചു കൈകഴുകിയിരിക്കുകയാണ് അധികൃതർ. ഇതോടെ വെട്ടിലായതു നാട്ടുകാരാണ്.
രണ്ടു വില്ലേജിലും ഇതു പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. റവന്യു സംബന്ധമായ ആവശ്യങ്ങൾക്കായി നിത്യവും വില്ലേജ് ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
താളം തെറ്റി
ഏതാനും നാൾ പുന്നപ്ര വില്ലേജ് ഓഫീസർക്കായിരുന്നു ഇവിടത്തെ ചുമതല നൽകിയിരുന്നത്. പിന്നീട് അമ്പലപ്പുഴ തെക്ക് വില്ലേജ് ഓഫീസർക്കു ചുമതല കൈമാറി. ഇതോടെ തെക്ക്, വടക്ക് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ഇപ്പോൾ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിവിധ രേഖകൾ വിവിധ ഓഫീസുകളിൽ ഹാജരാക്കുന്നതിനു വില്ലേജ് ഓഫീസിൽനിന്നാണ് നൽകേണ്ടത്.
എന്നാൽ, രണ്ടു വില്ലേജ് ഓഫീസുകളുടെയും പ്രവർത്തനം താളം തെറ്റിയതോടെ രേഖകൾ ഹാജരാക്കേണ്ടവർ നെട്ടോട്ടമോടുകയാണ്. മാസങ്ങളായി നാട്ടുകാരനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ റവന്യം വകുപ്പ് തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. അമ്പലപ്പുഴ വടക്ക് വില്ലേജിൽ ഇതിന്റെ പേരിൽ ആവശ്യങ്ങൾക്കെത്തുന്നവരും ജീവനക്കാരുമായുള്ള വാക്കുതർക്കവും പതിവായിട്ടുണ്ട്.