കാർഷികമേഖലക്ക് കരുത്തേകി ഇലമ്പനം തോട് നവീകരണം
1264853
Saturday, February 4, 2023 10:44 PM IST
മാന്നാർ: സംസ്ഥാന ബജറ്റിൽ ഇലമ്പനംതോട് നവീകരണത്തിന് രണ്ടുകോടി രൂപ വകയിരുത്തിയത് അപ്പർകുട്ടനാടൻ മേഖലയായ മാന്നാറിന്റെ കാർഷിക മേഖലക്ക് കരുത്തേകും. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് മന്ത്രിയും സ്ഥലം എംഎൽഎയുമായ സജി ചെറിയാൻ നിർദ്ദേശിച്ചതു പ്രകാരമാണ് പമ്പാ-അച്ചന്‍കോവില്‍ ആറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇലമ്പനം തോട് നവീകരണത്തിന് രണ്ടു കോടിരൂപ വകയിരുത്തിയത്. അപ്പർകുട്ടനാട്ടിലെ 2700 ഏക്കർ വരുന്ന കൃഷിയിടങ്ങളിലേക്ക് ജലസേചന മാർഗത്തിനു പ്രധാനമായും ആശ്രയിക്കുന്ന ഇലമ്പലനം തോട് മാന്നാർ, വീയപുരം പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. വിഷവർശേരിക്കര മൂർത്തിട്ടയിൽ തുടങ്ങി പാവുക്കരയുടെ മധ്യത്തിലൂടെ മുക്കാത്താരി, വള്ളവൻതിട്ട, വയരപ്പുറം പാലം, വയരപ്പുറം പാലം, ചക്കിട്ടപ്പാലം, വാലയിൽപ്പടി വഴി ഇവിടെ ചേരുന്ന അച്ചൻകോവിലാറിന്റെ കൈവഴിയും ചേർന്ന് വള്ളക്കാലി പാലം കടന്നു പമ്പാനദിയിൽ പതിക്കുന്ന കൈവഴിയാണ് ഇലമ്പനം തോട്.
മുമ്പ് ചരക്കുവള്ളങ്ങള്‍ ഉള്‍പ്പെടെ കടന്നുപോയിരുന്ന നാലരമീറ്ററോളം വീതിയുണ്ടായിരുന്ന ഇലമ്പനം തോട് തീരങ്ങൾ ഇടിഞ്ഞ് മണ്ണും ചെളിയും പോളയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്. കുളിക്കുന്നതിനും വസ്ത്രമലക്കുന്നതിനും പ്രദേശവാസികളുടെ ആശ്രയമായിരുന്ന തോട് മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കുകയാണ്. തോട് നവീകരണം ഒരു പ്രദേശത്തിന് ഏറെ ഗുണകരമാകും.