അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖത്തിന് കേന്ദ്ര അനുമതി ലഭിച്ചു
1264857
Saturday, February 4, 2023 10:44 PM IST
ചേർത്തല: അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികൾക്കായി 161 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു.
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഏജൻസിയുടെ സാങ്കേതിക പഠന റിപ്പോർട്ട് അംഗീകരിച്ച് നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യബന്ധന തുറമുഖത്തിന് കേന്ദ്രാനുമതി ലഭിച്ചത്.
സംസ്ഥാന സർക്കാരിൽനിന്നും വിശദ പദ്ധതി രേഖയും മറ്റു വിശദാംശങ്ങളും നാമമാത്ര പലിശയിൽ ദീർഘകാല വായ്പ ലഭിക്കുന്നതിന് നബാർഡിൽ സമർപ്പിക്കേണ്ടതുണ്ട്.
അതിലേക്കായുള്ള വിശദപദ്ധതി രൂപരേഖ, സ്റ്റാറ്റ്യൂട്ടറി ക്ലിയറൻസ്, സ്ഥല ലഭ്യത സർട്ടിഫിക്കറ്റ് എന്നിവ ഫിഷറീസ് വകുപ്പ് മുഖേന ധനകാര്യ വകുപ്പിൽ സമർപ്പിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടുകൂടി ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
തുറമുഖത്തിലെ തെക്കേ പുലിമൂട്ടിന്റെ 700 മീറ്റർ നീളവും വടക്കേ പുലിമുട്ടിന്റെ 190 മീറ്റർ നീളവുമാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത്.
കൂടാതെ ലേല ഹാൾ, മത്സ്യബന്ധന യാനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിശാല പദ്ധതിയാണിത്.
സംസ്ഥാന തുറമുഖ എഞ്ചിനീയറിങ് വകുപ്പിനാണ് നിർവഹണ ചുമതല. തീരദേശത്തിന്റെ ദീർഘകാല കാത്തിരിപ്പിന് ഇതോടെ അവസാനമായതായി കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.