സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് കുടുംബത്തിന്റെ സ്വപ്നങ്ങൾ
1279383
Monday, March 20, 2023 10:36 PM IST
അമ്പലപ്പുഴ: സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് ഒരു ദരിദ്രകുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും. മലപ്പുറം പെരുന്തൽമണ്ണയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുന്നപ്ര പറവൂർ പൂന്ത്രശേരിയിൽ നിക്സന്റെയും നിർമലയുടെയും ഏകമകൾ അൽഫോൻസ (സ്നേഹമോൾ-22) യുടെ വേർപാടാണ് ഒരു നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തിയത്.
പെരുന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന സഹപാഠി അശ്വിന്റെ നിലയും ഗുരുതരമാണ്. നിക്സനും നിർമലയും ഒരു കുട്ടിക്കുവേണ്ടിയുള്ള പത്തുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് അൽഫോൻസ ജനിച്ചത്. പഠിക്കാൻ മിടുക്കിയായ കുട്ടിക്ക് മെഡിസിനു സർക്കാർ കോട്ടയിൽ പ്രവേശനം ലഭിച്ചെങ്കിലും കൂലിപ്പണിയെടുത്താണ് നിക്സണും ഭാര്യയും കുട്ടിയെ പഠിപ്പിച്ചത്. നാടിന്റെയും വീടിന്റെയും ഓമനയായിരുന്ന സ്നേഹമോളുടെ വേർപാട് പറവൂർ തീരദേശത്തെ മൊത്തത്തിൽ കണ്ണിരിലാഴ്ത്തി.
പെരുന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ രാത്രിയോടെ പറവൂരിൽ എത്തിച്ചു.
ഇന്നു രാവിലെ 11ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.