ബു​ധ​നൂ​ർ മ​ഠ​ത്തി​ൽ​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു
Friday, March 24, 2023 10:46 PM IST
മാ​ന്നാ​ർ: ബു​ധ​നൂ​ർ മ​ഠ​ത്തി​ൽ​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യിക്ക​ഴി​ഞ്ഞു. ഇ​നി അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.
ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചെ​ന്നി​ത്ത​ല, ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ള ബ​ന്ധി​പ്പി​ച്ചു കു​ട്ടം​പേ​രൂ​രാ​റി​നു കു​റു​കെ​യാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ഠ​ത്തി​ൽ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചു. 11.80 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

26 മീ​റ്റ​ർ നീ​ള​മു​ള്ള മൂ​ന്നു സ്പാ​നു​ക​ളാ​ണ് പാ​ല​ത്തി​നു​ള്ള​ത്. 79.6 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ ആ​കെ നീ​ളം. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി 7.5 മീ​റ്റ​ർ കാ​ര്യേ​ജ് വേ​യും ഒ​രു വ​ശ​ത്ത്‌ ന​ട​പ്പാ​ത​യും ഉ​ൾ​പ്പ​ടെ 9.70 മീ​റ്റ​ർ ആ​ണ് പാ​ല​ത്തി​ന്‍റെ വീ​തി. 1.20 കി​ലോ​മീ​റ്റ​ർ റോ​ഡ് വീ​തി കൂ​ട്ടി ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കും. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തു​വാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.