പൈപ്പ് പൊട്ടി കുടിവെള്ളം നടുറോഡിൽ; നാട്ടുകാർ പണംകൊടുത്തും വാങ്ങുന്നു...!
1280555
Friday, March 24, 2023 10:46 PM IST
അമ്പലപ്പുഴ: കനത്ത വേനലിൽ കുടിവെളളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് ലൈൻ പൊട്ടി പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെളളം പാഴാകുന്നു. തിരിഞ്ഞു നോക്കാതെ അധികൃതർ.
ദേശീയപാതയിൽ നീർക്കുന്നം ജംഗ്ഷന് കിഴക്കു ഭാഗത്തായാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് കഴിച്ചപ്പോഴാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത്.
ആഴ്ചകൾക്കു മുൻപ് പൈപ്പ് പൊട്ടി പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ടും ഇതിന് പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ഇതോടെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെള്ളം പണംകൊടുത്തു വാങ്ങേണ്ട ദുരവസ്ഥയിലാണ് നാട്ടുകാർ. പൈപ്പ് പൊട്ടി ഇവിടെ പ്രളയ സമാനമായ സ്ഥിതിയായിട്ടും അധികൃതരുടെ നിലപാടിൽ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. തകരാറ് പരിഹരിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.