ഫയൽവേഗം കൂട്ടാൻ വഴി ഡിജിറ്റൈസേഷൻ: മന്ത്രി
1281632
Monday, March 27, 2023 11:54 PM IST
ആലപ്പുഴ: വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ളവയുടെ പ്രവർത്തനവേഗം കൂട്ടാൻ ഏറ്റവും ഉചിതമായ മാർഗം സമ്പൂർണ ഡിജിറ്റൈസേഷനെന്ന് റവന്യു മന്ത്രി കെ. രാജൻ. അതുകൊണ്ടു തന്നെ വില്ലേജ് ഒാഫീസുകൾ മുതൽ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
രണ്ടു മാസംകൊണ്ട് ആലപ്പുഴ ജില്ലയിലെ റവന്യൂ വിഭാഗത്തെ സമ്പൂർണ ഇ-സാക്ഷരതാ ജില്ലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ചേർത്തല തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ സംവിധാനങ്ങളിലൊന്നാണ് വില്ലേജ് ഓഫീസ്.
അതിനാൽ റവന്യൂ വകുപ്പിന്റെ ഡിജിറ്റൈസേഷൻ അവിടെനിന്നാണ് ആരംഭിക്കുന്നത്.
പരിശീലനം നൽകും
മേയ് മുതൽ കേരളത്തിലെ വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ, തദ്ദേശ ജീവനക്കാർ, ജനപ്രതിനിധികൾ എസ്പിസി, യുവജന ക്ലബുകൾ തുടങ്ങിയവയെ പങ്കെടുപ്പിച്ചു റവന്യു ഇ സാക്ഷരത പദ്ധതി ആരംഭിക്കും. ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും പരസഹായമില്ലാതെ റവന്യൂ വകുപ്പിലെ ഏതാവശ്യങ്ങൾക്കും അപേക്ഷ തയാറാക്കാൻ കഴിയുന്ന വിധത്തിൽ പരിശീലനം നൽകും.
താലൂക്ക് ഒാഫീസ്
ചേർത്തലയിലെ താലൂക്ക് ഓഫീസ് കെട്ടിടം തടസങ്ങൾ മറികടന്നു പുനർനിർമിക്കുമെന്നും മന്ത്രി പിന്നീട് യോഗത്തിൽ പറഞ്ഞു.
ഉദ്ഘാടനത്തിനു മുമ്പ് ചേർത്തലയിലെ റവന്യൂ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രി പി.പ്രസാദും പങ്കെടുത്തു. ഏപ്രിൽ മാസമാദ്യം മറ്റു വകുപ്പു മന്ത്രിമാരെകൂടി ഇടപെടുത്തി താലൂക്ക് ഓഫീസ് പുനർനിർമിക്കാൻ നടപടി സ്വീകരിക്കും.
രണ്ടു വർഷംകൊണ്ടു കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടയ വിതരണം നടത്താൻ കഴിഞ്ഞതു വലിയ കാര്യമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ ഹരിത വി. കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, പിഡബ്ല്യൂഡി കെട്ടിടവിഭഗം എക്സിക്യൂട്ടീവ് എൻജിനിയർ ഐ. റംല ബീവി തുടങ്ങിയവർ പങ്കെടുത്തു.