മാരാരിക്കുളം: ഹോംകോയുടെ വിപുലീകരണത്തിനായി നിർമി ച്ച പുതിയ കെട്ടിടത്തിൽ ഉത്പാദനം ആരംഭിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും മരുന്ന് ഉത്പാദനം തുടങ്ങാൻ കഴിയാത്തതിനു പിന്നിൽ രാഷ്ട്രീയ കിടമത്സരമാണെന്ന് ആക്ഷേപം. 11 മാസം മാനേജിംഗ് ഡയറക്ടറെ നിയമിച്ചിരുന്നില്ല.
ആലപ്പുഴ ഡിഎംഒയ്ക്ക് ആധികച്ചുമതല നൽകുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിൽ ഡെപ്യൂട്ടേഷനിൽ വന്നവർ കാലാവധി കഴിഞ്ഞിട്ടും തുടരുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.
ഫാക്ടറി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മെറ്റീരിയൽ വാങ്ങിയതിലും നിർമിതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അധികതുക നൽകിയതിലും നഷ്ടം ഉണ്ടായതായി ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും പുതിയ ഫാക്ടറി കെട്ടിടത്തിൽ ഉത്പാദനം തുടങ്ങാൻ കഴിയാത്തത് ഹോംകോയുടെ ഭരണതലത്തിലെ താളം തെറ്റൽ മൂലമാണെന്ന് ആക്ഷേപമുണ്ട്. ഇഷ്ടക്കാരെ ഹോംകോയുടെ തലപ്പത്ത് കൊണ്ടുവരുന്നതിന് രാഷ്ട്രീയനേതൃത്വങ്ങൾ മത്സരിക്കുന്നതാണ് ഫാക്ടറി പ്രവർത്തനം താളംതെറ്റിക്കുന്നതെന്നാണ് ആക്ഷേപം.