അമ്മയെ മർദിച്ച മകൻ കസ്റ്റഡിയിൽ
1299506
Friday, June 2, 2023 11:13 PM IST
ആലപ്പുഴ: കരിയിലകുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ ശാരദാമ്മ എന്ന വൃദ്ധമാതാവിനെ മർദിച്ച മിലിട്ടറി ഉദ്യോഗസ്ഥനായ മകനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മകൻ സുബോധ് ജുഡീഷൽ കസ്റ്റഡിയിലാണെന്നും ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അമ്മയെ മർദിക്കുന്ന രംഗങ്ങൾ ദൃശ്യമാധ്യമങ്ങളിൽ കണ്ട കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ദൃശ്യങ്ങൾ സത്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അമ്മയെ മകൻ അസഭ്യ വാക്കുകൾ പറഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ട്. തുടർന്ന് താഴെ വീണ ശാരദാമ്മയെ കാലുകൊണ്ട് തൊഴിച്ച് തലമുടിക്കുത്തിനു പിടിച്ച് കറക്കി നിലത്തടിച്ചു. തല തറയിൽ അടിച്ച് മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു.
കൈകൊണ്ട് മുഖത്തടിച്ചതിനാൽ ഇരുകണ്ണുകൾക്കും താഴെ നീർക്കോളും കരിവാളിപ്പുമുണ്ടായി.
പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.