കാറിടിച്ച് യുവാവ് മരിച്ചു, മറ്റൊരാൾക്കു പരിക്ക്
1300873
Wednesday, June 7, 2023 11:03 PM IST
തുറവൂർ: നിയന്ത്രണംവിട്ട കാറിടിച്ച് യുവാവ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡ് മഞ്ഞുതുള്ളി വീട്ടിൽ പരമേശ്വരൻ മകൻ അനീഷ് (32)ആണ് മരിച്ചത്. കോടംതുരുത്ത് സ്വദേശി രാഹുലാണ് (33) ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ദേശീയപാതയിൽ കോടംതുരുത്ത് സ്റ്റോപ്പിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം.
സാധനങ്ങൾ കയറ്റുന്ന ട്രോളിയുമായി റോഡിന്റെ സൈഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡരികിൽ കിടക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുത്തിയതോട് പോലീസെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം അനീഷിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ പിടികൂടിയിട്ടില്ല. ഒരു വനിതയാണ് കാറോടിച്ചിരുന്നതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അനീഷിനെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുത്തിയതോട് പോലീസ് കേസെടുത്തു.
കാഞ്ഞിരംചിറ സൂപ്പർ ലീഗ്
മത്സരങ്ങൾക്കു തുടക്കം
ആലപ്പുഴ: കെകെസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആലപ്പുഴ കാഞ്ഞിരംചിറ ബീച്ചിൽ നടക്കുന്ന സൂപ്പർ ലീഗ് മത്സരങ്ങൾ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. കെകെസി രക്ഷാധികാരി എ.ഡി. മഹേഷ് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് അഭിജിത്ത് ജോസഫ്, രക്ഷാധികാരി പി.ആർ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമിന് ജേഴ്സികൾ വിതരണം ചെയ്തു.