സ്വന്തം ശരീരത്തെ സ്നേഹിക്കുന്നവര്‍ക്കേ ലഹരിയില്‍നിന്നു രക്ഷ നേടാനാകൂ: മന്ത്രി പ്രസാദ്
1336049
Sunday, September 17, 2023 12:02 AM IST
ആലപ്പുഴ: സ്വന്തം ശരീരത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രമേ പുറത്തുനിന്നുള്ളവരുടെ ആധിപത്യം ഇല്ലാതാക്കി ലഹരിയില്‍നിന്നു സ്വയം സുരക്ഷിതരാകാന്‍ സാധിക്കൂവെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേര്‍ന്നു നടത്തിയ ചേര്‍ത്തല മണ്ഡലംതല ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യാജവാറ്റ് തടയുക, അത് നിര്‍ത്തലാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുക തുടങ്ങിയവയാണ് എക്സൈസ് വകുപ്പിന്റെ ജോലിയെന്നാണ് കുറച്ചുനാള്‍ മുന്‍പുവരെ പലരും കരുതിയിരുന്നത്. ആ സമയത്ത് സ്കൂളുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് യാതൊരു പരിപാടിയും നടത്തിയിട്ടില്ല.
എന്നാല്‍ ഇന്ന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ചതിക്കുഴിയിലേക്ക് വീണാല്‍ അതില്‍ നിന്നുള്ള തിരിച്ചുവരവ് പ്രയാസകരമാണ്.
ജീവിതംതന്നെ തകർ ന്നുപോകും. ലഹരിയുടെ പിന്നിലുള്ള കച്ചവട റാക്കറ്റുകളെ അമര്‍ച്ച ചെയ്യുന്നതിനാണ് സംസ്ഥാന സര്‍ക്കാരും എക്സൈസ് വകുപ്പും നിലകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷയായി. കൗണ്‍സിലര്‍ എ. അജി, ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. റെജിലാല്‍, കെഎസ്ഇഎസ്എ സെക്രട്ടറി എസ്. ശ്രീജിത്ത്, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ അഞ്ജു എസ്. റാം, എക്സൈസ് ഇന്‍സ്പെക്ടര്‍ സി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.