പരപ്പിൽ പാടത്ത് നെല്ലെടുപ്പിനുള്ള തടസം നീങ്ങി
1337985
Sunday, September 24, 2023 10:31 PM IST
അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്തിൽ 33 ഏക്കർ വരുന്ന പരപ്പിൽ പാടത്തെ നെല്ലെടുപ്പു തടസങ്ങൾ നീങ്ങി. എച്ച്. സലാം എംഎൽഎയുടെ ഇടപെടലിനെ ത്തുടർന്നാണു കൊയ്ത്തു കഴിഞ്ഞ പാടത്തെ നെല്ലെടുപ്പു തടസങ്ങൾ നീങ്ങിയത്.
പാലക്കാടുനിന്ന് എത്തിച്ച മനുരത്ന എന്ന വിത്താണ് കർഷകർ വിതച്ചത്. മറ്റു പാടശേഖരങ്ങളിൽനിന്ന് വ്യത്യസ്തമായി നെല്ല് നേരത്തെ വിളഞ്ഞുപാകമായതോടെ ഒരാഴ്ച മുമ്പ് ഇവിടെ കൊയ്ത്ത് പൂർത്തിയായി.
എന്നാൽ, മില്ല് ഉടമകൾ എത്താതായതോടെ നെല്ല് സംഭരണം വൈകി. പാടശേഖരസമിതി ഭാരവാഹികളായ കെ. ജഗദീശൻ, രാജു മംഗലത്ത് എന്നിവരും മറ്റു കർഷകരും വിവരം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാരെ ബന്ധപ്പെട്ട് എംഎൽഎ കർഷകരുടെ ബുദ്ധിമുട്ടുകൾ അറിയിച്ചതോടെയാണ് നെല്ലെടുപ്പിനുള്ള തടസം മാറിയത്.
കാലടിയിൽനിന്നു ജെബിഎസ് മില്ലിന്റെ പ്രതിനിധി സ്ഥലത്തെത്തി സംഭരണത്തിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.