ആലപ്പുഴ: പള്ളിപ്പുറം പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം അഞ്ചിന് ജപമാല. തുടർന്ന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് തിരുനാൾ കൊടിയേറ്റ്. കപ്ലോൻ വികാരി റവ.ഡോ.പീറ്റർ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും.
പള്ളിയുടെ പ്രധാന അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ചിത്രം വിശുദ്ധ ലൂക്കാ സുവിശേഷകനാൽ വരയ്ക്കപ്പെട്ടതും ഇപ്പോൾ റോമിലെ സാന്താമരിയ മജോരെ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതുമായ ചിത്രത്തിന്റെ തനിപ്പകർപ്പാണ്.
ഈ ചിത്രം ഇവിടെ സ്ഥാപിച്ചതിന്റെ പിന്നിലൊരു ചരിത്രമുണ്ട്. കേരളത്തിലെ ദേവാലയങ്ങളിൽ പ്രതിഷ്ഠിക്കുന്നതിനായി പോർച്ചുഗീസുകാർ മുഖേന ഏഴു ചിത്രങ്ങൾക്ക് ഓർഡർ കൊടുത്തു. കപ്പൽ പുറപ്പെടുന്ന സമയംവരെ ആറു ചിത്രങ്ങൾ മാത്രമേ വരച്ചു പൂർത്തിയാക്കിയിരുന്നുള്ളൂ. ഏഴാമത്തേതിന്റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കപ്പെടാതെ കപ്പൽ യാത്ര പുറപ്പെട്ടു. കേരളത്തിൽ എത്തിയപ്പോൾ ഏഴാമത്തെ ചിത്രവും പൂർത്തിയാക്കപ്പെട്ടതായി കണ്ടു. ഈ അദ്ഭുത ചിത്രമാണ് മേൽപ്പറഞ്ഞ ചിത്രം എന്നു പറയപ്പെടുന്നു.