ചാരുംമൂട്: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പിഎംജിഎസ്വൈ പദ്ധതിയിൽപ്പെടുത്തി പുതുതായി രണ്ടു റോഡുകൾക്ക് കൂടി ടെൻഡർ നടപടികൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 2.11 കോടി രൂപ ചെലവിൽ നൂറനാട് പഞ്ചായത്തിലെ പുതുപ്പള്ളികുന്നം മുതൽ പാലത്തടം വരെ 3.2 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ റോഡ്. 3.34 കോടി രൂപ ചെലവിൽ വള്ളികുന്നം പഞ്ചായത്തിലെ കാഞ്ഞിരത്തിമൂട് മുതൽ വേട്ടുകുളഞ്ഞി റോഡ് വരെ 4.3 കിലോമീറ്റർ ദൂരത്തിലാണ് രണ്ടാമത്തെ റോഡ്. മാന്നാർ പഞ്ചായത്തിലെ കളിക്കന്തൂർ മുതൽ പുതുക്കുളങ്ങര റോഡ് വരെയുള്ള 5.2 കിലോമീറ്റർ ദൂരത്തിൽ 3.34 കോടി രൂപ ചെലവിൽ അനുവദിച്ച റോഡിന്റെ നിർമാണം കഴിഞ്ഞയാഴ്ച പൂർത്തിയായി.
ചുനക്കര പഞ്ചായത്തിലെ കിടങ്ങിൽമുക്ക് മുതൽ വെട്ടിക്കോട് വരെയുള്ള 3.1 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് പണികൾ നടന്നുവരുന്നു. 3.45 കോടി രൂപയാണ് ചെലവ്. ഇതിൽ രണ്ട് കിലോമീറ്റർ ദൂരത്തെ പണികൾ പൂർത്തിയായി. തെക്കേക്കര പഞ്ചായത്തിലെ കൈവള്ളി ജംഗ്ഷൻ മുതൽ കുരിശുംമൂട് ജംഗ്ഷൻ വരെയുള്ള 3.4 ദൂരത്തിൽ 2.17 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പാലമേൽ പഞ്ചായത്തിലെ മാവിളമുക്കുമുതൽ പയ്യനല്ലൂർ റോഡ് വരെയുള്ള 4.8 കിലോമീറ്റർ ദൂരത്തിൽ വീതി കൂട്ടലും കൾവെർട്ടുകളുടെ നിർമാണപ്രവർത്തനങ്ങളുമാണ് നടന്നുവരുന്നത് 4.25 കോടി രൂപ ചെലവിലാണ് റോഡ് ടെൻഡർ നൽകിയിരിക്കുന്നത്. കരാറുകാരൻ പണി ഉപേക്ഷിച്ചുപോയ താമരക്കുളം പഞ്ചായത്തിലെ വേടർപ്ലാവ് സ്കൂൾ ജംഗ്ഷൻ മുതൽ പണയിൽ മാർത്തോമ്മാപള്ളി റോഡ് വരെയുള്ള 4.6 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ പുതുക്കിയ ടെൻഡർ പ്രക്രിയകൾ പൂർത്തിയായെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.