ആലപ്പുഴ: ജനറൽ ആശുപത്രിയുടെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചു. മാറ്റിയെഴുതാം ആത്മഹത്യയുടെ ആഖ്യാനങ്ങളെ എന്നതാണ് ഈ തവണത്തെ ദിനാചാരണത്തിന്റെ സന്ദേശം. പരിപാടിയുടെ ഭാഗമായി റാലി, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ശ്വാസകോശ രോഗവിഭാഗ മേധാവി ഡോ. വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന യോഗവും ക്ലാസും ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. മിനി ബി.എസ് മുഖ്യപ്രഭാഷണം നടത്തി.