നാ​യ്ക്ക​ളെ വി​ഷം തീ​ണ്ടി​യ നി​ല​യി​ൽ കണ്ട സംഭവം; ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു
Thursday, September 12, 2024 11:26 PM IST
അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​മൈ​താ​ന​ത്ത് നാ​യ്ക്ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

പാ​യ​ൽ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര മൈ​താ​ന​ത്താ​ണ് പതിനൊന്ന് തെ​രു​വുനാ​യ്ക്ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ മു​ത​ൽ മൈ​താ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും സ്റ്റേ​ജി​ലു​മാ​യി നാ​യ്ക്ക​ൾ അ​വ​ശ​നി​ല​യി​ലാ​യി ച​ത്തു വീ​ഴു​ക​യാ​യി​രു​ന്നു.

വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന നി​ല​യി​ൽ വാ​യി​ൽനി​ന്ന് നു​ര​യും പ​ത​യും വ​ന്നി​രു​ന്നു. ച​ത്ത നാ​യ്ക്ക​ളെ പി​ന്നീ​ട് ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ കു​ഴി​ച്ചുമൂ​ടി.


വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന മ​റ്റ് ചി​ല നാ​യ്ക്ക​ൾ അ​വ​ശനി​ല​യി​ലു​മാ​യി​രു​ന്നു.
നാ​യ്ക്ക​ളെ കൂ​ട്ട​മാ​യി കൊ​ന്നൊ​ടു​ക്കി​യ സം​ഭ​വം ആ​രും ത​ന്നെ പോ​ലീ​സി​ലോ പ​ഞ്ചാ​യ​ത്തി​ലോ മൃ​ഗസം​ര​ക്ഷ​ണവ​കു​പ്പി​ലോ അ​റി​യി​ച്ചി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ പോ​സ്റ്റുമോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​വ​യു​ടെ മ​ര​ണകാ​ര​ണ​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല.