ഡോ. വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ
1459910
Wednesday, October 9, 2024 6:41 AM IST
ഹരിപ്പാട്: മകളെക്കുറിച്ചുള്ള വിങ്ങുന്ന ഓർമകൾക്കിടയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുകയാണ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന തൃക്കുന്നപ്പുഴയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനം വന്ദനയുടെ പിറന്നാൾ ദിനമായ നാളെ നടക്കും.
തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക് തുടങ്ങണമെന്നതും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇവിടെയെത്തി സൗജന്യ ചികിത്സ നൽകണമെന്നതും വന്ദന മാതാപിതാക്കളോട് എപ്പോഴും പങ്കുവച്ചിരുന്നു. അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്ക് പണിതത്. സ്ഥിരമായി രണ്ടു ഡോക്ടർമാരുടെ സേവനം ഉണ്ടാകും.
വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും പറഞ്ഞു.
2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്. സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. മകളുടെ വിവാഹം മനോഹരമാക്കി നടത്താനായി കരുതിവച്ചിരുന്ന തുക ഉപയോഗിച്ചാണ് ക്ലിനിക് നിർമാണം. പിന്നീട് ഡിസ്പെൻസറിയായി ഉയർത്താനും ആഗ്രഹമുണ്ട്.
മകളുടെ പേരിലുള്ള എന്തും ഉയർന്ന നിലവാരത്തിൽ ആകണമെന്ന ആഗ്രഹവും ഇവർ പങ്കുവയ്ക്കുന്നു. മകൾക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം അവളുടെ സ്വപ്നങ്ങളും നെഞ്ചോട് ചേർക്കുകയാണവർ.
മകൾക്ക് അവധി കിട്ടുമ്പോൾ മാത്രമാണ് കുടുംബം ഒന്നിച്ചു തൃക്കുന്നപ്പുഴയിൽ വന്നിരുന്നത്. വരുമ്പോൾ താമസിക്കാനായി ഒരു ചെറിയ ഔട്ട് ഹൗസ് തയാറാക്കിയിരുന്നു. ഇവിടെ എത്തുമ്പോൾ വീടിന്റെ സമീപമുള്ള ആറ്റിൽ ചൂണ്ട ഇടുന്നത് വന്ദനയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഇവിടെ എന്നും ശുദ്ധ വായു ആണെന്ന് പറയുമായിരുന്നെന്നും മാതാവ് വസന്തകുമാരി ഓർക്കുന്നു. മരണത്തിനു ആറുമാസം മുൻപാണ് അവസാനമായി വന്ദന ഇവിടെ എത്തിയത്. അന്നും ക്ലിനിക് തുടങ്ങുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഔട്ട് ഹൗസ് പുതുക്കി പണിതാണ് ക്ലിനിക് ആരംഭിക്കുന്നത്.