തകഴി ബിവറേജ് ഔട്ട്ലറ്റ് കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു
1461093
Tuesday, October 15, 2024 12:20 AM IST
എടത്വ: ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. തകഴി കേളമംഗലം ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്നാണ് മദ്യക്കുപ്പികൾ മോഷ്ടിച്ചത്. ജീവനക്കാരുടെ പ്രാഥമിക അന്വഷണത്തിൽ നാലു കുപ്പി വിദേശമദ്യം മോഷണം പോയതായാണ് സൂചന. കൂടുതൽ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന സ്റ്റോക്ക് എടുപ്പ് നടക്കുകയാണ്.
ഇന്നലെ രാവിലെ ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാക്കൾ ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ബാത്ത്റൂം തകർത്ത് അകത്തു കടന്നെങ്കിലും ഓഫീസിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ വന്നിരുന്നു. ഇതോടെ ഓഫീസിന്റെ ഷട്ടർ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെത്തുടർന്ന് ഷട്ടർ അകത്തിയാണ് മദ്യക്കുപ്പികൾ മോഷ്ടിച്ചത്. എടത്വ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.