മുഞ്ഞബാധയും കനത്ത മഴയും: കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
1461094
Tuesday, October 15, 2024 12:20 AM IST
അമ്പലപ്പുഴ: മുഞ്ഞബാധയും പിന്നാലെയെത്തിയ കനത്ത മഴയും കർഷകർക്ക് വിനയായി. 150 ഓളം ഏക്കർ നെൽകൃഷി നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. പുന്നപ്ര തെക്ക് പഞ്ചായത്ത് പൊന്നാകരി പാടത്താണ് നെല്ല് വീണടിഞ്ഞത്. 250 ഏക്കറുള്ള ഇവിടെ 80 ലധികം കർഷകരാണുള്ളത്. 11 മുതൽ ഇവിടെ രണ്ടാം കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചിരുന്നു.
ഒരുമാസം മുൻപ് നെൽച്ചെടികൾക്ക് മുഞ്ഞരോഗം ബാധിച്ചിരുന്നു. പല തവണ ഇതിനായി മരുന്നുകൾ ചെയ്തെങ്കിലും ഫലം കണ്ടില്ല. വിവരം കൃഷി വകുപ്പിനെ അറിയിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥർ പോലും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കർഷകർ പറയുന്നു.
ഇതിനെയൊക്കെ അതിജീവിച്ച് കർഷകർ ചെയ്ത അധ്വാനമാണ് കനത്ത മഴയിൽ മുങ്ങിയത്. ദിവസങ്ങൾക്കു മുൻപ് പെയ്ത കനത്ത മഴയിൽ 150 ഓളം ഏക്കറിലെ നെല്ലാണ് വീണു നശിച്ചത്. ഏക്കറിന് 70,000 രൂപ മുടക്കിയാണ് കർഷകർ കൃഷിയിറക്കിയത്. നെല്ല് കൊയ്തെടുക്കാൻ യന്ത്രത്തിന് മണിക്കൂറിന് 1900 രൂപ നൽകണം. സ്വർണം പണയം വച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം പലിശയ്ക്കെടുത്തും കൃഷിയിറക്കിയ കർഷകർക്ക് മുഞ്ഞബാധയും പ്രതികൂല കാലാവസ്ഥയും കനത്ത നഷ്ടമാണ് വരുത്തിവച്ചത്.
സാധാരണ ഗതിയിൽ ഒരേക്കറിൽനിന്ന് മൂന്നു ക്വിന്റൽ വരെ നെല്ല് കിട്ടുമായിരുന്നു. എന്നാൽ, നെല്ല് വീണുകിടക്കുന്നതിനാൽ ഒരേക്കറിൽനിന്ന് ഒരു ക്വിന്റൽ നെല്ല് പോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. യന്ത്രമുപയോഗിച്ച് കൊയ്താൽ യന്ത്രം താഴ്ന്നുപോകും. ഈ സാഹചര്യത്തിൽ കൃഷി നാശത്തിനായുള്ള ഇൻഷുറൻസ് തുകയ്ക്കൊപ്പം നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.