മാവേലിക്കരയിലെ പൊതുശ്മശാനം എരിയുന്നു
1576348
Thursday, July 17, 2025 12:03 AM IST
മാവേലിക്കര: വാതക ശ്മശാനം പണിമുടക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നഗരസഭിയില്‍ ഇന്നലെ കൂടിയ അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നാടകീയരംഗങ്ങള്‍. അടിയന്തര കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനി വര്‍ഗീസാണ് ശ്മശാനം വിഷയം ഉന്നയിച്ചത്.
ഭൂരഹിതരുടെയും പരിമിത ഭൂമിയുള്ളവരുടെയും പൊതുശ്മശാനം വേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് രണ്ടു പതിറ്റാണ്ട് മുന്‍പ് മാവേലിക്കരയില്‍ വാതക ശ്മശാനം സ്ഥാപിച്ചത്. എന്നാല്‍, എട്ടു മൃതദേഹങ്ങള്‍ മാത്രമാണ് ഈ ശ്മശാനത്തില്‍ സംസ്കരിക്കാനായത്. തുടര്‍ന്ന് ശ്മശാനം പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.
വൈദ്യുതിബന്ധം ഇടക്ക് മുടങ്ങുന്നതായിരുന്നു ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ വൈദ്യുതി ലഭിക്കാതെയാകുകയും പകുതി കരിഞ്ഞവ പുറത്തേക്ക് എടുത്ത് കത്തിക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ഇങ്ങനെ പ്രവര്‍ത്തനം നിലച്ച ശ്മശാനം പിന്നീട് നഗരസഭ ജനറേറ്റര്‍ സ്ഥാപിച്ച് വീണ്ടും തുറന്നു. എന്നാല്‍, അധികകാലം പ്രവര്‍ത്തനം മുന്നോട്ടു പോയില്ല. പുകക്കുഴലായിരുന്നു അടുത്ത വില്ലന്‍. പുകക്കുഴലില്‍നിന്ന് പുക പുറത്തേക്കു പോകാതെ ചൂള പ്രവര്‍ത്തിക്കുന്ന മുറിയില്‍ തങ്ങിനിറഞ്ഞു തുടങ്ങിയതോടെ വീണ്ടും പ്രവര്‍ത്തനം നിശ്ചലമായി.
ഭൂരഹിതര്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാനായി അന്യനാടുകളിലേക്കുവരെ കൊണ്ടുപോകേണ്ട അവസ്ഥ സംജാതമായതിനെത്തുടര്‍ന്ന് ദീപികയടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യം നഗരസഭയുടെ മുന്നിലെത്തിക്കുകയായിരുന്നു.
തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് വൈകാരികവും നാടകീയവുമായ രംഗങ്ങള്‍ ഉണ്ടായത്.
നഗരസഭയ്ക്കു തൊട്ടുമുന്നില്‍ തന്റെ വാര്‍ഡില്‍ സ്വന്തമായി സ്ഥലമില്ലാതിരുന്ന വയോധികനുണ്ടായ ദുരവസ്ഥ ചൂണ്ടാക്കാട്ടിക്കൊണ്ടായിരുന്നു വിഷയം ഉന്നയിച്ചത്. മരണത്തോട് മല്ലടിച്ചു കിടന്നപ്പോള്‍ അയാളുടെ ഭാര്യ തന്നെ വിവരം അറിയിച്ചതും മെയ് ആദ്യവാരം നടന്ന കൗണ്‍സില്‍ വിഷയം ഉന്നയിച്ചതാണെങ്കിലും ഒരു നടപടിയും നഗരസഭ സ്വീകരിച്ചില്ലെന്നു കൗണ്‍സിലര്‍ കുറ്റപ്പെടുത്തി.
പിന്നീട് അദ്ദേഹം മരിച്ചപ്പോള്‍ തിരുവല്ലയില്‍ കൊണ്ടുപോയി സംസ്കാരം നടത്തേണ്ടിവന്നതുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനി വര്‍ഗീസ് വിഷയം ഉന്നയിച്ചത്. ശ്മശാനം സജ്ജമാക്കാന്‍ നഗരസഭയില്‍ പണമില്ലായെങ്കില്‍ താന്‍ പോര്‍ട്ടബിള്‍ ഫര്ണറിനായുള്ള തുക സ്വന്തം കയ്യിലനിന്ന് നഗരസഭയില്‍ ഇന്ന് അടയ്ക്കാന്‍ തയാറെന്നും അനി വര്‍ഗീസ് പറഞ്ഞു.
ഇതിനു പിന്നാലെ കൗണ്‍സിലില്‍ ഡയസിലിരുന്ന വൈസ് ചെയര്‍പേഴ്സണ്‍ കൃഷ്ണ കുമാരി പൊടുന്നനെ എഴുന്നേക്കുകയും ഇനിയൊരു ഭൂരഹിതന് മരിച്ചാല്‍ നഗരസഭ ഓഫീസിനു മുന്പില് മൃതദേഹവുമായി വന്ന് സമരം ചെയ്യാന്‍ തയാറാകുമെന്ന് പറഞ്ഞു. ഇതോടെ കൗണ്‍സില്‍ ഒന്നടങ്കം ശ്മശാനവുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫയല്‍ എടുത്തപ്പോള്‍ നഗരസഭയുടെ ശ്മശാനം നവീകരണത്തിനും തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുമായി പത്തു ലക്ഷം രൂപ അനുവദിച്ചതായി 23-5-2025ല്‍ ജില്ലാ ആസൂത്രണ സമിതിയുടെ കുറിപ്പും 29-05-2025ല്‍ കൗണ്‍സിലിന്റെ അഡ്മിനിസ്ട്രേറ്റീവ് അനുമതി ലഭിച്ചതിന്റെ രേഖയും ചര്‍ച്ചയ്ക്കെടുത്തു.
എന്നാല്‍, ഈ രണ്ടു കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടും നഗരസഭ തുടര്‍നടപടി കൈക്കൊണ്ടിരുന്നില്ല. കൗണ്‍സിലിന് ഇനിയൊരു ടെണ്ടര്‍ വിളിച്ച് ചെയ്യാനുള്ള സമയമില്ലാത്തതിനാല്‍ ശ്മശാനത്തിന്റെ നവീകരണം കണ്ണൂര്‍ റീജണല്‍ അഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് കേരള ലിമിറ്റഡിന് കൈമാറാനും തീരുമാനം ഉണ്ടായിരുന്നതും നഗരസഭ നടപ്പാക്കിയില്ല.
ഇതിനെത്തുടർന്ന് പ്രക്ഷുബന്ധമായ സഭയില്‍ നിര്‍വഹണ ഉദ്യാഗസ്തരുടെ വീഴ്ചയെ ഭരണ പ്രതിപക്ഷ ഭേദമെന്യേ കൗണ്‍സിലര്‍മാര്‍ വിമര്‍ശിച്ചു. സെക്രട്ടറിയുടെ അഭാവത്തില്‍ സഭയിലെത്തേണ്ട മുനിസിപ്പല്‍ എന്‍ജിനിയര്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നില്ലെന്ന പരാമര്‍ശവും ചില കൗണ്‍സിലര്‍മാരുടെ ഭാഗത്തു നിന്നുണ്ടായി. അനുമതികളെല്ലാമായ ശ്മശാനത്തിന്റെ പണി അടിയന്തരമായി ഏജന്‍സിയെ ഏല്‍പ്പിച്ച് ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കണമെന്ന് കൗണ്‍സിലില്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഈ തീരുമാനം ഉടന്‍തന്നെ നടപ്പാക്കുമെന്ന് ചെയര്‍മാനും കൗണ്‍സിലില്‍ അറിയിച്ചു.
പുതിയ ചെയര്മാന് അധികാരത്തില്‍ വന്നതിന് ശേഷം പ്രധാന വിഷയമായി ശ്മശാനത്തിന്റെ കാര്യം കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നു. അപ്പോള്‍ത്തന്നെ നടപടി എടുക്കാമെന്ന് ചെയര്മാന് ഉറപ്പ് നല്‍കിയതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിപിസിയുടെയും കൗണ്‍സിലിന്റെയും അംഗീകാരം നേടിയെടുക്കാനും ചെയര്മാന് തയാറായി. തുടര്‍നടപടികള്‍ കൗണ്‍സിലിനെ അറിയിക്കാതിരുന്നത് ഉദ്യോഗസ്ഥ വീഴ്ചയാണ്. ചെയര്മാന് കൃതയമായി നടപടികള്‍ സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്.
അനി വര്‍ഗീസ്
കൗണ്‍സിലര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്
നഗരസഭ ഭരണസമിതിക്ക് വിഷയത്തില്‍ കാര്യ നിര്‍വഹണത്തില്‍ വീഴ്ച പറ്റി. കോറം നാളുകളായി വിഷയം ഉന്നയിച്ചുകൊണ്ടിരിക്കയാണ്. അഡ്മിനിസ്ട്രേറ്റീവ് അനുമതിയും ജില്ലാ ആസൂത്രണ വകുപ്പിന്റെ അനുമതിയും ലഭിച്ച ശ്മശാന നവീകരണം വൈകിയതിന് കാരണക്കാര്‍ ആരെന്ന് കണ്ടെത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്നും ശ്മശാനം പൂര്ത്തായാക്കുന്നതുവരെ സംസ്കാരത്തിനായി താത്കാലിക സംവിധാനം ഉണ്ടാക്കണം.
കെ.പി. വിദ്യാധരന് ഉണ്ണിത്താന്
കോറം പ്രസിഡന്റ്, മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്
കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷമായി തികച്ചും പരാജയമാണ് യുഡിഎഫ് ഭരണസമിതി എന്ന് അവര്‍ തെളിയിച്ചു. കഴിഞ്ഞ ഭരണ സമിതി ആരംഭിച്ചു പൂര്‍ത്തിയാക്കി, അവാര്‍ഡുകള്‍ നഗരസഭ വാരിക്കൂട്ടിയ മാലിന്യ മുക്ത പദ്ധതിപോലും നശിപ്പിച്ചു.
പുതിയ പദ്ധതി കൊണ്ടുവരുവാനോ നിലവിലുള്ളത് നിലനിര്‍ത്താനോ ഇവര്‍ക്ക് സാധിക്കില്ലായെന്ന് ഇതിലടെ പൊതുജനത്തിന് വ്യക്തമാകും. കഴിഞ്ഞ ഭരണ സമിതിയുടെ ഒരു പ്രധാന പദ്ധതിയായിരുന്നു ശ്മശാനം അതു കൃത്യമായ നടത്തിക്കൊണ്ടു പോകാനും അവര്‍ക്കായില്ല.
ലീലാ അഭിലാഷ്
കൗണ്‍സിലര്‍, മുന്‍ ചെയര്‍പേഴ്സണ്‍