നാട്ടുകാര്‍ സംഘടിച്ചു; വെള്ളക്കെട്ടുള്ള റോഡ് സഞ്ചാരയോഗ്യമായി
1576058
Tuesday, July 15, 2025 11:31 PM IST
ഹരിപ്പാട്: തുടരെയുണ്ടായ വെള്ളപ്പൊക്കംകൊണ്ട് കുണ്ടും കുഴിയുമായ റോഡ് നാട്ടുകാര്‍ സഞ്ചാരയോഗ്യമാക്കി.
വീയപുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അങ്കണവാടി-മുട്ടായിപ്പടി റോഡാണ് നാട്ടുകാര്‍ സംഘടിച്ച് പാറക്കഷണങ്ങളും മെറ്റിലും ഗ്രാവലും ഉപയോഗിച്ച് ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കിയത്. ഇവിടെ കുഴി രൂപപ്പെട്ട് വെള്ളക്കെട്ട് ഉണ്ടായതുമൂലം യാത്രയ്ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.
ഒരുലക്ഷം രൂപയോളം റോഡ് നിര്‍മാണത്തിനായി നാട്ടുകാര്‍ പിരിച്ചെടുത്തു. ഈ തുക കൊണ്ടാണ് 300 മീറ്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കിയത്. 120 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്.
അങ്കണവാടി കുട്ടികള്‍, സ്കൂള്‍ കുട്ടികള്‍ തൊട്ടടുത്ത പാടശേഖരത്തിലെത്തുന്ന കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍ എന്നിവരുടെ ഏക ആശ്രയമായ റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. വീയപുരം, മാന്നാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന് രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 48 ലക്ഷം രൂപ അനുവദിച്ചതായി വാര്‍ഡ് മെംബര്‍ ജിറ്റു കുര്യന് അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോഡ് പണി ഉടന്‍ തുടങ്ങുമെന്നും വാര്‍ഡ് മെംബര്‍ പറഞ്ഞു.