പുലിമുട്ട് നിർമാണം രണ്ടു ദിവസത്തിനുള്ളിൽ പുനരാരംഭിക്കും
1576063
Tuesday, July 15, 2025 11:31 PM IST
അമ്പലപ്പുഴ: പുലിമുട്ട് നിർമാണം രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും. അമ്പലപ്പുഴ മണ്ഡലത്തിൽ കാക്കാഴം നീർക്കുന്നം ഭാഗത്ത് നിർത്തിവച്ചിരുന്ന പുലിമുട്ട് നിർമാണം രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുവാൻ ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണത്തിന്റെ രണ്ടാം ഘട്ടം മേയ് മാസത്തോടെയാണ് ആരംഭിച്ചത്.
ഫേസ് രണ്ടിൽ 60 കോടി രൂപ ചെലവിൽ കാക്കാഴം- നീർക്കുന്നം തീരത്താണ് പുലിമുട്ട് നിർമിക്കുന്നത്. 70 കോടി രൂപ ചെലവിൽ കോമനമുതൽ കാക്കാഴം വരെയും വണ്ടാനം പുന്നപ്ര ഭാഗത്തുമായി 30 പുലിമുട്ടുകളും 40 മീറ്റർ കടൽ ഭിത്തിയും ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു.
രണ്ടാം ഘട്ടത്തിൽ 1.8 കിലോമീറ്റർ നീളത്തിൽ 19 പുലിമുട്ടുകളാണ് ഇപ്പോൾ പൂർത്തിയാക്കുന്നത്.
ഒന്നര വർഷം മുമ്പ് കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും കടലിലെ ആഴത്തിൽ വന്ന വ്യത്യാസവും പാറയുടെ ലഭ്യതക്കുറവും വിലയിൽ വന്ന വ്യത്യാസവും നിർമാണത്തിന് തടസമായി. നിരവധി സാങ്കേതിക പ്രശ്നങ്ങളും പുലിമുട്ടുകളുടെ നിർമാണത്തിന് തടസമായി.
തുടർന്ന് എച്ച്. സലാം എംഎൽഎ യുടെ കത്തിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയിലും മന്ത്രിതലത്തിലും പലതവണ യോഗം ചേർന്നു. മൂന്ന് വകുപ്പുകളുടെയും സെക്രട്ടറിതല യോഗവും ചേർന്നു. തുടർന്ന് കോന്നി മെഡിക്കൽ കോളജ് സ്ഥലത്ത് സൂക്ഷിച്ചിരുന്ന പാറക്കല്ലുകൾ എടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഇറിഗേഷൻ, റവന്യൂ, ആരോഗ്യ വകുപ്പുകൾ സംയുക്ത യോഗം ചേർന്ന് കൈക്കൊണ്ട നിർദേശം സർക്കാർ അംഗീകരിച്ച് ഉത്തരവാകുകയും ചെയ്തു.
കല്ല് എത്തിക്കുന്നതിനുള്ള സാങ്കേതിക നടപടികളെല്ലാം പൂർത്തിയാക്കിയതിനെ തുടർന്ന് പാറക്കല്ലുകൾ എത്തിച്ച് നിർമാണം കഴിഞ്ഞ മാസം ആരംഭിച്ചെങ്കിലും കാലവർഷത്തിലെ നിർമാണ നിരോധനം പറഞ്ഞുകൊണ്ട് നിർവഹണ ഏജൻസിയായ കിഡ്ക് നിർമാണം നിർത്തിവയ്ക്കുകയായിരുന്നു. നിരന്തരം കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെടുന്ന ഇവിടത്തെ അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി എംഎൽഎ മന്ത്രിക്ക് കത്ത് നൽകിയതിനെത്തുടർന്ന് മന്ത്രിയുടെ ചേംബറിൽ അടിയന്തര യോഗം വിളിക്കുകയായിരുന്നു.
യോഗത്തിൽ എച്ച്. സലാം എംഎൽഎ, കിഡ്ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. തിലകൻ, ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള, ജനറൽ മാനേജർ കെ.എസ്. ശോഭ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹൺ ബാബു എന്നിവർ പങ്കെടുത്തു.