കായംകുളം താലൂക്ക് ആശുപത്രിക്കും ചേരാവള്ളി പ്രാഥമിക ആരോഗ്യകേന്ദത്തിനും അഭിമാനനേട്ടം
1576054
Tuesday, July 15, 2025 11:31 PM IST
കായംകുളം: ആരോഗ്യരംഗത്ത് മികവിന്റെ കേന്ദ്രമായി കായംകുളം താലൂക്ക് ആശുപത്രിയെയും ചേരാവള്ളി അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയും വീണ്ടും തെരഞ്ഞെടുത്തു. ഇത് തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാന കായകൽപ്പ് അവാർഡ് കായംകുളം നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിക്ക് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ അവാർഡ് തുക ലഭിക്കുന്ന ബഹുമതി ലഭിച്ച ജില്ലയിലെ ഏക താലൂക്ക് ആശുപത്രിയാണ് കായംകുളം.
കഴിഞ്ഞ നാലരവർഷത്തിനിടയിൽ സംസ്ഥാന സർക്കാരിന്റെയും യു. പ്രതിഭ എംഎൽഎയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ നിരവധിയാർന്ന വികസന പദ്ധതികളാണ് താലൂക്ക് ആശുപത്രിക്കായി നടപ്പിലാക്കാൻ കഴിഞ്ഞതെന്നും അതിനുള്ള അംഗീകാരമാണ് ബഹുമതിയെന്നും നഗരസഭാ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. എംഎൽഎ ഫണ്ടിൽനിന്ന് ഒരുകോടി രൂപ മുടക്കി ലാബിനുള്ള കെട്ടിടം പൂർത്തീകരിച്ചുനൽകി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ 45 കോടി രൂപയുടെ അഞ്ചുനിലക്കെട്ടിടനിർമാണം അന്തിമ ഘട്ടത്തിലാണ്. മൂന്നേകാൽ കോടി രൂപ ചെലവഴിച്ച് എംസിഎച്ച് ബ്ലോക്കിന്റെയും ഒരു കോടി രൂപ ചെലവഴിച്ച് ഐസി യൂണിറ്റിന്റെയും പണി പൂർത്തീകരിച്ചു. എംഎൽഎ ഫണ്ടിൽനിന്നും ആംബുലൻസും മുൻ എ.എം. ആരിഫ്, എംപിയുടെ വികസന ഫണ്ടിൽനിന്നും ഒരു ആംബുലൻസും രണ്ടു വെന്റിലേറ്ററും നൽകി. മോർച്ചറി നവീകരണത്തിനായി 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഒട്ടനവധി സഹായങ്ങളും ലഭ്യമായി. കായംകുളം നഗരസഭയും കോടിക്കണക്കിന് രൂപയാണ് ആശുപത്രിക്കായി ചെലവഴിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഡയാലിസിസ് യൂണിറ്റ്, എക്സ്റേ യൂണിറ്റ്, ഫാർമസി, ലാബ്, ഇസിജി, ആംബുലൻസ് സേവനം തുടങ്ങിയവയെല്ലാം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസജ്ജമാക്കി. വൈദ്യുതി പ്രശ്നം പരിഹരിക്കാൻ 58 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെൻഷൻ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ഒപി, ഫാർമസി, ലാബ്, ഡോക്ടേഴ്സ് ക്യാബിൻ തുടങ്ങിയ സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് ടോക്കൺ സിസ്റ്റം നടപ്പിലാക്കി.
ആശുപത്രിയിൽ എല്ലാ സ്ഥലങ്ങളിലും സിസിടിവി സ്ഥാപിച്ചു. വിവിധ ഭാഗങ്ങളിലായി വാട്ടർ ക്രിയോസ്കറുകൾ സ്ഥാപിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കാൻ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കി. പ്രതിമാസം 1,20,000 രൂപ നഗരസഭ ഫണ്ടിൽനിന്നും ചെലവഴിച്ച് വൈകിട്ട് നാലുമുതൽ പത്തുവരെ രണ്ടു ഡോക്ടർമാരെ വച്ച് സായാഹ്ന ഒപി പ്രവർത്തിപ്പിച്ചുവരുന്നു. നഗരസഭ മുൻകൈയെടുത്ത് ഡോക്ടേഴ്സ് ഫോർ യു സംഘടനയമായി ചേർന്ന് ഒരു കോടി പത്തു ലക്ഷം രൂപ മുടക്കി ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു.
ആശുപത്രിയിലെ എല്ലാ കിടക്കകളും ഓക്സിജൻ ബെഡുകളാക്കി. താലൂക്ക് ആശുപത്രിയെയും ചേരാവള്ളി അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തെയും മികവിന്റെ കേന്ദ്രമാക്കി കായകൽപ്പ് കമന്ററേഷൻ അവാർഡ് നേടുന്നതിനുവേണ്ടി പ്രവർത്തിച്ച ആശുപത്രി സൂപ്രണ്ട്, ഡോക്ടറന്മാർ, നഴ്സന്മാരാടക്കമുള്ള ജീവനക്കാർ, ഓഫീസ് ജീവനക്കാർ എച്ച് എംസി അംഗങ്ങൾ തുടങ്ങിയവ രെ അഭിനന്ദിക്കുന്നതായി നഗരസഭാ ചെയർപേഴ്സൺ പി. ശശികല പ്രസ്താവനയിൽ പറഞ്ഞു.