ചെങ്ങന്നൂരിൽ സർക്കാർ ആയുർവേദ ഉപകേന്ദ്രവും നവീകരിച്ച വായനശാലയും നാളെ നാടിന് സമർപ്പിക്കും
1575329
Sunday, July 13, 2025 6:56 AM IST
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസമായി ഒരു പുതിയ സർക്കാർ ആയുർവേദ ആശുപത്രി ഉപകേന്ദ്രവും നവീകരിച്ച വായനശാലയും നാളെ നാടിനു സമർപ്പിക്കും. വൈകിട്ട് അഞ്ചിന് തുരുത്തിമേൽ സാംസ്കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ അധ്യക്ഷയാകും. ഡിഎംഒ ഡോ. പി. ജിജി ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായും ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടക്കുമെന്ന് സംഘാടക സമിതി കൺവീനർ ജി. വിവേക് പറഞ്ഞു.
ചെറിയനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ചെറുവല്ലൂരിലാണ് നിലവിൽ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. പഞ്ചായത്തിൻ്റെ വടക്ക് ഭാഗത്തുള്ള ഏഴ് വാർഡുകളിലെ ജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് മൂന്നാം വാർഡിൽ പുതിയ ഉപകേന്ദ്രം ആരംഭിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകും. മറ്റ് ദിവസങ്ങളിൽ മരുന്ന് വിതരണവും ഉണ്ടാകും.