അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി
1574922
Saturday, July 12, 2025 12:10 AM IST
ചേര്‍ത്തല: അഞ്ചുവയസുകാരനെ അമ്മയും അമ്മൂ മ്മയും ചേര്‍ന്ന് ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. നഗരസഭ 15ാം വാര്‍ഡിലാണ് സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കാനും നടപടിയായി. നഗരത്തിലെ പ്രധാന സ്കൂളിലെ യുകെജി വിദ്യാർഥിയായ അഞ്ചുവയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതിക്കവലയ്ക്കു സമീപമുള്ള ചായക്കടയിൽ കണ്ടെത്തിയത്. ഇതുവഴി വന്ന പിടിഎ പ്രസിഡന്റ് അഡ്വ. ദിനൂപിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്താകുന്നത്.
മുഖത്തും കഴുത്തിലെയും മുറിവ് അമ്മ സ്കെയിലിന് അടിച്ചതാണെന്നും അമ്മൂമ്മയും തന്നെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി ദിനൂപിനോടു പറഞ്ഞു. കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആൺസുഹൃത്ത് ഈ കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് റിമാൻഡിലിരിക്കേ ഇയാളെ ആശുപത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. പിന്നീട് പിടിഎ ഭാരവാഹികളുടെ നിരീക്ഷണം കുട്ടിക്കുണ്ടായിരുന്നു.
ലോട്ടറിവിൽപ്പനയ്ക്കു പോകുമ്പോൾ കുട്ടിയെ ചായക്കടയിൽ ഇരുത്തിയശേഷമാണ് മാതാവ് സ്ഥിരമായി പോകുന്നത്. വ്യാഴാഴ്ച വൈകിട്ട് ദിനൂപാണ് കുട്ടി ചായക്കടയിൽ ഇരിക്കുന്നത് കണ്ടത്. തുടർന്നുള്ള അന്വഷണത്തിലാണ് ദിവസങ്ങളായി കുട്ടി ക്രൂരമർദനത്തിന് ഇരയായതെന്ന് കണ്ടെത്തിയത്. തുടർന്ന് ചേർത്തല പോലീസിലും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സൂപ്പർ വൈസർ അലൻ വർഗീസ് കുട്ടിയെ ഏറ്റെടുക്കുകയും ചേർത്തല താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തിയതായി അലൻ വർഗീസ് പറഞ്ഞു. അലൻ വർഗീസ് ചേർത്തല പോലീസ് സ്റ്റേഷനിൽ എത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് കുട്ടിയെ ആലപ്പുഴ ശിശുസംരക്ഷണ കേന്ദ്രത്തിൽ ഏൽപ്പിച്ചു.