മാവേലിക്കര പൊതു ശ്മശാനം: കോറം ചെയര്മാന് കത്തു നല്കി
1574937
Saturday, July 12, 2025 12:10 AM IST
മാവേലിക്കര: മാവേലിക്കര നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനം അടിയന്തരമായി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന് മാവേലിക്കരയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ചെയര്മാന് നൈനാന് സി. കുറ്റിശേരിലിന് കത്തു നല്കി. നിരവധി പ്രാവശ്യം കോറം പൊതുശ്മശാനം പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവുമായി മുന്‍സിപ്പാലിറ്റിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരത്തിനു മുന്നോടിയായുള്ള കത്തെന്ന് കോറം പ്രസിഡന്റ് കെ.പി. വിദ്യാധരന് ഉണ്ണിത്താന് പറഞ്ഞു.
നഗരത്തില്‍ രണ്ടും മൂന്നും സെന്റ് വസ്തുവുള്ളവരും സ്വന്തമായി സ്ഥലമില്ലാത്തവരും മരണപ്പെടുമ്പോള്‍ മൃതദേഹം മറവുചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തെ കൗണ്‍സില്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടുകൂടി അതു കൗണ്‍സിലില്‍വച്ച് വേണ്ട തീരുമാനം കൈക്കൊള്ളാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. നഗരത്തിലെ സാധാരണക്കാരനുതകുന്ന പ്രസ്തുത വിഷയത്തെ മുന്‍ ചെയര്‍മാനും നിലവിലെ വൈസ് ചെയര്‍പേഴ്സണും ഫലത്തില്‍ എതിര്‍ക്കുന്ന നിലപാടാണ് ഉണ്ടായിട്ടുള്ളത്. വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് കോറം ചെയര്മാന് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നു.
പ്രസിഡന്റ് കെ.പി. വിദ്യാധരന് ഉണ്ണിത്താന്, സെക്രട്ടറി ശശികുമാര്‍ മാവേലിക്കര, ട്രഷറര്‍ വി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോറം പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ ചേംബറില്‍ എത്തിയാണ് കത്തു കൈമാറിയത്. വിഷയം കൗണ്‍സിലില്‍ ചര്‍ച്ചചെയ്ത് ഉടന്‍ നടപടിക്കായി ശ്രമിക്കാമെന്ന് ചെയര്മാന് പറഞ്ഞതായും കോറം ഭാരവാഹികള്‍ അറിയിച്ചു.