പോലീസ് ജീപ്പിൽ ഇടിച്ച ഇന്നോവ കാറിൽ സഞ്ചരിച്ച യുവാക്കൾ മദ്യപിച്ചിരുന്നതായി അന്പലപ്പുഴ സിഐ
1574931
Saturday, July 12, 2025 12:10 AM IST
അമ്പലപ്പുഴ: പോലീസ് ജീപ്പ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചശേഷം അമിതവേഗത്തിൽ പോയ ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ മദ്യപിച്ചിരുന്നതായി അമ്പലപ്പുഴ സിഐ എം. പ്രതീഷ് കുമാർ. സംഭവത്തത്തെത്തുർന്ന് റിമാൻഡിലായ യുവാക്കളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വഷണം നടത്തുമെന്നും സിഐ പറഞ്ഞു.
സിഎച്ച് 01 എബി -7629 എന്ന രജിസ്റ്റർ നമ്പരിലുള്ള ഇന്നോവ കാറിൽ സഞ്ചരിച്ചെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), പ്രവീൺ നിവാസിൽ പ്രവീൺ (25), ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനിൽ ആദർശ് (23), ഷിയാസ് മൻസിലിൽ നിയാസ് (22), കാട്ടിൽ കടവ് തറയിൽ വീട്ടിൽ സൂരജ് (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുക. ഇതിനായി അമ്പലപ്പുഴ കോടതിയിൽ കസ്റ്റഡി അപേക്ഷ അടുത്തദിവസം സമർപ്പിക്കും.
രണ്ടു ദിവസം മുമ്പ് രാത്രി 12നാണ് ജോലിക്കു വിദേശത്തേക്കു പോകാൻ സഞ്ജയ് എന്ന സുഹൃത്തിനെ യാത്രയാക്കാൻ, നെടുമ്പാശേരിയിലേക്കു പുറപ്പെട്ട ഇവർ സഞ്ചരിച്ച കാർ വിവിധ വാഹനങ്ങളിലും പിന്നീട് അമ്പലപ്പുഴ പോലീസിന്റെ ജീപ്പിലും ഇടിച്ചത്. ചോദ്യം ചെയ്ത നാട്ടുകാരെ സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാക്കാഴം റയിൽവേ മേൽപ്പാലത്തിന്റെ ഫുട്പാത്തിലിടിച്ച് വലതുവശം പിൻഭാഗത്തെ ടയർ ഊരിത്തെറിച്ച കാറുമായി സംഘം പിന്നീട് ആറു കിലോമീറ്ററിലധികം സഞ്ചരിച്ചു. പുന്നപ്രയിൽ ദേശീയ പാതയ്ക്കു കിഴക്ക് ആളൊഴിഞ്ഞ പറമ്പിലെത്തിയ ആറംഗ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്ത കാർ പിന്നീട് അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. യുവാക്കൾ മറ്റേതെങ്കിലും കേസിൽ ഉൾപ്പെട്ടവരാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.