കുമാരപുരത്ത് ജൂവലറിയിൽ മോഷണശ്രമം
1574927
Saturday, July 12, 2025 12:10 AM IST
ഹരിപ്പാട്: കുമാരപുരം പഞ്ചായത്ത് ഓഫീസിന് എതിർവശമുള്ള അറ്റ്ലസ് ജുവലറിയിലാണ് മോഷണശ്രമം നടന്നത്. കടയുടമ താമല്ലാക്കൽ സ്വദേശി സെയ്ഫുദീൻ ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ ഇരുവശവുമുള്ള പൂട്ടുകൾ അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയത്. മോഷ്ടാക്കൾ ഷട്ടറിന്റെ മധ്യഭാഗത്തെ ലോക്ക് കുത്തിത്തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് മോഷണം നടക്കാതെ പോയത്. അറുത്തുമാറ്റിയ പൂട്ടുകൾ മോഷ്ടാക്കൾ കൊണ്ടുപോയി. പ്രകാശമേറിയ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ തിരക്കുള്ള പഞ്ചായത്ത് ജംഗ്ഷനിൽ മോഷണശ്രമം നടന്നത് വ്യാപാരികളെയും നാട്ടുകാരെയും ഭീതിയിലാക്കിയിട്ടുണ്ട്. ഹരിപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞമാസം കുമാരപുരം കെവി ജെട്ടി ജംഗ്ഷനിൽ സൈനികന്റെ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ഈ കേസിൽ ജയിൽമോചിതനായ കൊല്ലം കൊട്ടാരക്കര ചെമ്മങ്ങനാട് സ്വദേശി റഫീഖിനെ (സതീഷ് 45) പോലീസ് പിടികൂടിയിരുന്നു. കുമാരപുരത്ത് തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങൾ തടയുന്നതിന് പോലീസ് ജാഗ്രത പാലിക്കണമെന്നും രാത്രികാല പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.