വിദ്യാർഥിനിയുടെ മരണം: കളക്ടർ എത്തി
1574923
Saturday, July 12, 2025 12:10 AM IST
മാന്നാർ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് സ്കൂളിൽ എത്തി. വിദ്യാർഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ യോഗം പ്രത്യേകം ചേർന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആശങ്കകൾ കളക്ടറോടു പറഞ്ഞു. ഇവരുടെയെല്ലാം പ്രതിനിധികളുടെ പ്രത്യേക യോഗം ചേർന്നു.
അനുശോചനത്തോടെ ആരംഭിച്ച യോഗത്തിൽ ചെങ്ങന്നൂർ ആർഡിഒ ഡി.സി. ദിലീപ് കുമാർ, നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജിയൻ അസിസ്റ്റന്റ് കമ്മീഷണർ സി. രാമകൃഷ്ണൻ, മാവേലിക്കര തഹസീൽദാർ അനീഷ് ഈപ്പൻ, ഡെപ്യൂട്ടി തഹസീൽദാർ കെ. സുരേഷ് ബാബു, എംപിയുടെ പ്രതിനിധി ബിനു സി. വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്കൂളിൽ സ്ഥിരമായി കൗൺസിലർമാരെ നിയമിക്കാനും അധ്യാപകർക്കും മാതാപിതാക്കൾക്കും വിദ്യാർഥികൾക്കുമായി പ്രത്യേകം പ്രത്യേകമായി കൗൺസലിംഗ് ഏർപ്പെടുത്താനും മെഡിറ്റേഷൻ, യോഗ തുടങ്ങിയവ കുട്ടികൾക്കും ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥികൾക്ക് മാതാപിതാക്കളുമായി കൂടുതൽ ദിവസം ഫോണിൽ സംസാരിക്കാൻ അവസരം നൽകണമെന്ന് കലക്ടർ നിർദേശിച്ചു. വിവിധ യോഗങ്ങളിൽ പങ്കെടുത്ത് നാലു മണിക്കൂറോളം കാന്പസിൽ ചെലവഴിച്ചാണ് കളക്ടർ മടങ്ങിയത്.