‘പൊൻതിളക്കം’ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം നാളെ
1574932
Saturday, July 12, 2025 12:10 AM IST
അമ്പലപ്പുഴ: എച്ച്. സലാം എംഎൽഎയുടെ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ പൊൻതിളക്കം എംഎൽഎ മെറിറ്റ് അവാർഡ് വിതരണം നാളെ നടക്കും. വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ പകൽ രണ്ടിന് നടക്കുന്ന അവാർഡ് വിതരണം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും സർകലാശാല റാങ്ക് ജേതാക്കളെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും അനുമോദിക്കും.
കളക്ടർ അലക്സ് വർഗീസ്, ചലച്ചിത്രതാരങ്ങളായ നിഖില വിമൽ, പ്രമോദ് വെളിയനാട്, യുവസാഹിത്യകാരൻ അഖിൽ പി. ധർമജൻ, എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ എന്നിവർ മുഖ്യാതിഥികളാകും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ, ത്രിതല പഞ്ചായത്ത്, നഗരസഭാ ഭാരവാഹികൾ, മറ്റു ജനപ്രതിനിധികൾ, ആശുപത്രി സൂപ്രണ്ട് ഡോ.എ. ഹരികുമാർ എന്നിവർ പങ്കെടുക്കും. ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ലഹരിവിരുദ്ധ സംഗീതശില്പം, ഡി. അജിത്ത് നയിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ക്ലാസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തും.