‘ശുചിത്വസാഗര സുന്ദരതീരം’ ജില്ലയില്‍ ഒന്നാംസ്ഥാനം ആലപ്പുഴ നഗരസഭയ്ക്ക്
1574928
Saturday, July 12, 2025 12:10 AM IST
ആലപ്പുഴ: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചിത്വസാഗരം സുന്ദരതീരം ഏകദിന പ്ലാസ്റ്റിക് നിര്മാര്ജനയജ്ഞത്തില് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആലപ്പുഴ നഗരസഭ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാനില്നിന്നു നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിലെ കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി ആലപ്പുഴ നഗരസഭാ പരിധിയില്‍ മംഗലം ബീച്ച്, കാഞ്ഞിരംചിറ, ബിഷപ് ഹൗസിനു സമീപം, ഹോമിയോ ഹോസ്പിറ്റലിനു സമീപം, ഇഎസ്ഐ, വാടയ്ക്കല്‍ എന്നീ ആറു കേന്ദ്രങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും 1680 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്താണ് നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിത, കൗണ്‍സിലര്‍മാരായ ഹെലന് ഫെര്‍ണാണ്ടസ്, മേരിലീന, പ്രഭ ശശികുമാര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാലുശേഖര്, കോ-ഓര്‍ഡിനേറ്റര്‍ ഷീന സജി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങല്‍ ചടങ്ങില്‍ നഗരസഭാധ്യക്ഷക്കൊപ്പം പങ്കെടുത്തു. ജില്ലയില്‍ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ആലപ്പുഴ നഗരസഭ ബഹുജന പങ്കാളിത്തോടെ നടത്തിയ കാമ്പയിനില്‍ ജനപ്രതിനിധികള്‍, എസ്ഡി കോളജ്, സെന്റ് ജോസഫ് കോളജ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ്സ് പോലീസ്, കുടുംബശ്രീ അംഗങ്ങള്‍, കാന്‍ ആലപ്പി, ഹരിതകര്‍മസേനാംഗങ്ങള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവര്‍ കാമ്പയിന്റെ ഭാഗമായിരുന്നു.