വിദ്യാര്ഥികളെക്കൊണ്ട് ഗുരുപൂജ: പ്രതിഷേധം ഇരമ്പുന്നു
1575326
Sunday, July 13, 2025 6:56 AM IST
മാവേലിക്കര: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള മാവേലിക്കര വിദ്യാധിരാജ സെന്‍ട്രല്‍ ആൻഡ് സൈനിക് സ്കൂളിനെതിരേയാണ് പൊതു സമൂഹത്തിന്റെ പ്രതിഷേധം ഇരമ്പുന്നത്.
സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്തമല്ല. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സ്കൂള്‍ വളപ്പില്‍ ഗുരുപൂജ എന്ന പരിപാടി അരങ്ങേറിയത്. പൊതുസമൂഹത്തില്‍ വിദ്യാഭ്യാസ മേഖലയിലും മറ്റ് വ്യത്യസ്ത മേഖലകളിലും ഉന്നതരായ വ്യക്തികളെ സ്കൂളിലേക്കു വിളിച്ചുവരുത്തി കുട്ടികളെക്കൊണ്ട് അവരുടെ പാദങ്ങള്‍ കഴുകിപ്പിക്കുകയും പുഷ്പവും മറ്റും സമര്‍പ്പിച്ച് ഒരു മണിക്കൂർ പൂജ നടത്തുകയും കാല്‍തൊട്ടു തൊഴുകയുമായിരുന്നു ചടങ്ങുകള്‍.
101 ഓളം പേരുടെ കാലുകളാണ് കുട്ടികള്‍ ഇത്തരത്തില്‍ കഴുകിയത്. വിഷയം പുറത്തായതിനെത്തുടര്‍ന്ന് വിവിധ തരത്തിലുള്ള എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും വിഷയം വലിയ രീതിയില്‍ ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്നു.
അനുകൂലിച്ചും എതിര്‍ത്തും രണ്ടു വിഭാഗമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. തിങ്കളാഴ്ച സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികല്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ വിവിധ സാംസ്കാരിക രാഷ്ട്രീയ സംഘടനകളും വിഷയത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം.