റോഡ് നിർമാണവും കുഴിയും ചലനമറ്റ് ദേശീയപാത
1575330
Sunday, July 13, 2025 6:56 AM IST
അന്പലപ്പുഴ: റോഡ് നിർമാണവും റോഡിലെ കുഴിയും ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. നിയന്ത്രിക്കാൻ ആരുമില്ല. ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി ജംഗ്ഷനു തെക്കു ഭാഗത്തായി പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചതോടെയാണ് ദേശീയ പാതയിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഈ ഭാഗത്തെ റോഡ് പൂർണമായും കുഴികളായി മാറി. ഇതിനു പിന്നാലെയാണ് റോഡിൽ നിർമാണപ്രവർത്തനവും നടക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലേക്കു പോകേണ്ട ആംബുലൻസുകളും രോഗികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളും കെഎസ്ആർടിസിയുടെ നിരവധി ദീർഘദൂര വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് മണിക്കൂറുകളായി ഈ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്നത്.
ദേശീയപാത മണിക്കൂറുകളായി സ്തംഭിച്ചിട്ടും ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇരട്ടക്കുളങ്ങരയിലേക്കു പോയ നിരവധി സ്വകാര്യബസുകൾ മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. തിരക്കേറിയ ഇവിടെ നിയന്ത്രിക്കാൻ ദേശീയപാതാ അധികൃതരോ മറ്റ് ഉദ്യോഗസ്ഥരോ ആരുമുണ്ടായിരുന്നില്ല. അധികൃതരുടെ അലംഭാവമാണ് ഈ ഗതാഗതക്കുരുക്കിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.